രേണുക വേണു|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (08:35 IST)
ഐപിഎല്‍ 15-ാം സീസണില്‍ കാലിടറി നിലവിലെ ചാംപ്യന്‍മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ് ചെന്നൈ. മൂന്നില്‍ മൂന്നിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
പഞ്ചാബ് കിങ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 54 റണ്‍സിനാണ് ചെന്നൈ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സ് 18 ഓവറില്‍ 126 റണ്‍സിന് തീര്‍ന്നു. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രാഹുല്‍ ചഹര്‍, രണ്ട് വീതം വിക്കറ്റുകള്‍ നേടിയ വൈഭവ് അറോറ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓള്‍ഔട്ട് ആക്കാന്‍ പഞ്ചാബിനെ സഹായിച്ചത്.
നേരത്തെ പഞ്ചാബിന് വേണ്ടി 32 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സുമായി ലിവിങ്സ്റ്റണ്‍ 60 റണ്‍സ് നേടി ടോപ് സ്‌കോററായി. ചെന്നൈ നിരയില്‍ 30 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.