രേണുക വേണു|
Last Modified ബുധന്‍, 17 ഡിസംബര്‍ 2025 (13:49 IST)
Liam Livingstone: ഐപിഎല്‍ 2026 മിനി താരലേലത്തില്‍ കോളടിച്ചത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിനാണ്. ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയ താരം രണ്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ 13 കോടിയാണ് സ്വന്തമാക്കിയത്.
സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് ലിവിങ്സ്റ്റണിനെ ലേലത്തിലെടുത്തത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ റൗണ്ടില്‍ ലിവിങ്സ്റ്റണിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും ലിവിങ്സ്റ്റണില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. രണ്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ കഥ മാറി !
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും ലിവിങ്സ്റ്റണിനു വേണ്ടി ആദ്യം രംഗത്തുണ്ടായിരുന്നു. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരബാദും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലായി പോര്. ഒടുവില്‍ ലഖ്‌നൗവിന്റെ പഴ്‌സ് പരിധി കടന്നപ്പോള്‍ കാര്യങ്ങള്‍ സണ്‍റൈസേഴ്‌സിനു അനുകൂലമായി. 13 കോടിക്കു ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയതില്‍ സണ്‍റൈസേഴ്‌സ് വലിയ സന്തോഷത്തിലായിരുന്നു.
അതേസമയം കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ താരത്തെ ഇത്ര വലിയ തുകയ്ക്കു സ്വന്തമാക്കിയ ഹൈദരബാദിന്റെ നീക്കത്തെ ആരാധകര്‍ വിമര്‍ശിക്കുന്നു. 8.75 കോടിക്ക് ആര്‍സിബിയാണ് കഴിഞ്ഞ സീസണില്‍ ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയത്. എന്നാല്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 16 ശരാശരിയില്‍ 112 റണ്‍സാണ് താരം നേടിയത്. സ്‌ട്രൈക് റേറ്റ് 133.33 മാത്രമാണ്. ബൗളിങ്ങില്‍ 10 മത്സരങ്ങളില്‍ ഒന്‍പത് ഓവര്‍ എറിഞ്ഞിട്ട് രണ്ട് വിക്കറ്റുകളും. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയതുകൊണ്ടാണ് ലിവിങ്സ്റ്റണിനെ റിലീസ് ചെയ്യാന്‍ ആര്‍സിബി തീരുമാനിച്ചത്.