ആർസിബിയിൽ ഹർഷൽ പട്ടേലിന് പകരം കെ എൽ രാഹുൽ? ഐപിഎല്ലിൽ ഞെട്ടിക്കുന്ന നീക്കങ്ങൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (11:49 IST)
ഐപിഎല്ലിന്റെ പുതിയ പതിപ്പും താരലേലവും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ അപ്രതീക്ഷിതമായ കൈമാറ്റങ്ങളാണ് നടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെപോകുന്നുവെന്ന വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഇത് കൂടാതെയും വിവിധ മാറ്റങ്ങള്‍ ടീമുകളില്‍ ഉറപ്പായും ഉണ്ടാകും. പല ഊഹാപോഹങ്ങളും ട്രാന്‍സ്ഫര്‍ വിന്‍ഡോയെ പറ്റി പ്രചരിക്കുന്നുണ്ട്. ദേവ്ദത്ത് പടിക്കലിന് പകരമായി ലഖ്‌നൗ താരം ആവേശ് ഖാന്‍ രാജസ്ഥാനിലെത്തിയ വാര്‍ത്തയും ഷഹബാസ് അഹമ്മദിന് പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ മായങ്ക് ദാങ്കറിനെ ആര്‍സിബി ടീമിലെത്തിച്ച വാര്‍ത്തയ്ക്കുമാണ് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ പരാജയമായിരുന്നു ഡല്‍ഹി താരം പൃഥ്വി ഷായെ ടീം നിലനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നീ ഇംഗ്ലണ്ട് താരങ്ങള്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ട്രാവിസ് ഹെഡ്,ഡാരില്‍ മിച്ചല്‍,രചിന്‍ രവീന്ദ്ര,മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കമുള്ള താരങ്ങള്‍ ഐപിഎല്ലില്‍ ഭാഗമായേക്കും. ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്കയെയും ടീമുകള്‍ നോട്ടമിട്ടിട്ടുണ്ട്.
അതേസമയം ലഖ്‌നൗ നായകന്‍ കൂടിയായ ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ ആര്‍സിബിയില്‍ തിരിച്ചെത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഹര്‍ഷല്‍ പട്ടേലിനെ നല്‍കിയായിരിക്കും ആര്‍സിബി രാഹുലിനെ സ്വന്തമാക്കുക. എന്നാല്‍ ഇതിനെ പറ്റിയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :