ഐപിഎൽ ട്രേഡ് വിൻഡോയിൽ വമ്പൻ സർപ്രൈസുകൾ, രാജസ്ഥാൻ പേസ് ബാറ്ററിയും ടീം വിടുന്നു?

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (10:54 IST)
ഐപിഎല്‍ 2024 താരലേലത്തിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ കൂടിയായ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരികെ പോകുന്നു എന്നതടക്കമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും അവരുടെ സൂപ്പര്‍ താരമായ ന്യൂസിലന്‍ഡ് സൂപ്പര്‍ താരം ട്രെന്‍ഡ് ബോള്‍ട്ടിനെ ഒഴിവാക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ പേസ് ആക്രമണത്തിന്റെ പ്രധാനികളില്‍ ഒരാളായ ട്രെന്‍ഡ് ബോള്‍ട്ട് കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളിലും രാജസ്ഥാന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനുള്ള താരത്തിന്റെ കഴിവ് രാജസ്ഥാനെ പല മത്സരങ്ങളിലും സഹായിച്ചിട്ടുണ്ട്. 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ബോള്‍ട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് ആദ്യം കളിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി കളിച്ച ശേഷമാണ് രാജസ്ഥാനിലെത്തിയത്. ഐപിഎല്‍ കരിയറിലെ 88 കളികളില്‍ നിന്നും 105 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. രാജസ്ഥാനില്‍ 2 സീസണുകളിലായി 29 വിക്കറ്റും ബോള്‍ട്ട് സ്വന്തമാക്കി.

നേരത്തെ രാജസ്ഥാന്‍ താരമായ ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ പേസര്‍ ആവേശ് ഖാനുമായി രാജസ്ഥാന്‍ കൈമാറ്റം ചെയ്തിരുന്നു. അടുത്ത സീസണില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടും വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :