സഞ്ജുവിന് ഇനിയും അവസരമുണ്ട്, തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല: താരവുമായി സംസാരിച്ച് അഗാർക്കർ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (20:19 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാനം കളിച്ച മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ അവഗണിക്കപ്പെടുന്നതില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തുന്ന സമയമായിരുന്നിട്ടും കഴിഞ്ഞ ഏഷ്യാകപ്പിലും ലോകകപ്പിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

രണ്ടാം നിര ടീം പങ്കെടുത്ത ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സഞ്ജു ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും അവഗണിക്കപ്പെട്ടിരുന്നു. ഇതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ അടഞ്ഞതായാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്. എന്തുകൊണ്ട് സഞ്ജുവിന് ടീമില്‍ ഇടമില്ല എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ സഞ്ജുവുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈയില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ സഞ്ജുവും ഭാഗമാണെന്ന ഉറപ്പ് അഗാര്‍ക്കര്‍ നല്‍കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പൊര്‍ട്ട് ചെയ്യുന്നത്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തണമെന്നും കഠിനാദ്ധ്വാനം ചെയ്യണമെന്നും സഞ്ജുവിനോട് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും നിര്‍ദേശിച്ചതായാണ് വിവരം. അറ്റേസമയം ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിനെ നയിക്കുന്ന തിരക്കിലാണ് സഞ്ജു. ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :