പ്ലേ ഓഫിൽ കയറാൻ ഡൽഹി തോൽക്കണം, മുംബൈയ്ക്ക് പിന്തുണയുമായി ആർസിബിയടക്കം നാലു ടീമുകൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 18 മെയ് 2022 (14:03 IST)
ഐപിഎല്ലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരങ്ങൾ നടക്കുമ്പോഴും ഒരു ടീം മാത്രമാണ് ഇത്തവണ തങ്ങളുടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയിട്ടുള്ളത്. മുംബൈയും ചെ‌ന്നൈയും ടൂർണമെന്റിൽ നിന്ന് പുറ‌ത്തായപ്പോൾ മറ്റ് ടീമുകൾക്കെല്ലാം പ്ലേ ഓഫിന് ഇനിയും സാധ്യതയുണ്ടെന്നതാണ് ഇത്തവണത്തെ ഐപിഎല്ലിലെ രസകരമായ കാഴ്‌ച.

13 കളിയില്‍ 16 പോയന്റുളള രാജസ്ഥാനും ലഖ്‌നൗവും പ്ലേ ഓഫിന് അരികിലാണ്. രണ്ടാം സ്ഥാനം പിടിയ്ക്കാനാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. അവശേഷിക്കുന്ന നാലാം സ്ഥാനത്തിനായി അഞ്ച് ടീമുകളാണ് രംഗത്തുള്ളത്. ഇന്ന് നടക്കുന്ന ഡൽഹി-മുംബൈ മത്സരമാകും അതിനാൽ ഈ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളുടെ ജാതകം കുറിക്കുന്നത്.

നിലവിൽ നാലാം സ്ഥാനത്തുള്ള ഡൽഹി തോൽക്കേണ്ടത് ആർസി‌ബിയ്ക്കാണ് ഏറ്റവും ആവശ്യമായിട്ടുള്ളത്. ഡൽഹിയുടെ അത്രയും പോയന്റ് ബാംഗ്ലൂരിനുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലാണ് ബംഗളൂരു. ഡല്‍ഹി തോല്‍ക്കുകയും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ബംഗളൂരുവിന് ജയിക്കാനാവുകയും ചെയ്‌താൽ ആർസി‌ബി നാലാമതെത്തും.

അതേസമയം
കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്ക് ഇനിയുളള മത്സരം ജയിക്കുകയും അവസാന മത്സരത്തില്‍ ഡല്‍ഹിയും ആര്‍സിബിയും തോല്‍ക്കുകയും വേണം. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഡൽഹി തോൽ‌ക്കേണ്ടത് ബെംഗളൂരു,കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്ക് ആവശ്യമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച രീതിയില്‍ ജയിക്കുകയും ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്തയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തോല്‍ക്കുകയും ചെയ്താന്‍ ഐപിഎല്ലില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വരാൻ ഡൽഹിക്ക് സാധിക്കും. അതിനാൽ തന്നെ മറ്റ് ടീമുകളെല്ലാം ഇന്നത്തെ മത്സരത്തിൽ മുംബൈയുടെ വിജയത്തിനായാണ് പ്രാർത്ഥിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :