അഭിറാം മനോഹർ|
Last Modified ബുധന്‍, 18 മെയ് 2022 (12:27 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനും ജീവന്മരണപോരാട്ടം. വൈകീട്ട് ഏഴരയ്ക്ക് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിലേക്ക് മാർച്ച് ചെയ്യാൻ ഒരു വിജയമാണ് ലഖ്‌നൗവിന് ആവശ്യമായിട്ടുള്ളത്. അതേസമയം പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വമ്പൻ വിജയം കൊൽക്കത്തയ്ക്ക് ആവശ്യമായുണ്ട്.13 കളിയില്‍ 330 റണ്‍സും 17 വിക്കറ്റുമായി തിളങ്ങുന്ന ആന്ദ്രേ റസ്സലിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ.
പാറ്റ് കമ്മിന്‍സിന് പിന്നാലെ അജിന്‍ക്യ രഹാനെയ്ക്ക് കൂടി പരിക്കേറ്റത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്. രഹാനെയ്ക്ക് പകരം ബാബ ഇന്ദ്രജിത്തോ ഷെൽഡൻ ജാക്‌സണോ ഓപ്പണറായെത്തും.കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഉമേഷ് യാദവ് ഇന്ന് പന്തെറിയാനുണ്ടാവും. അതേസമയം മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യവും കിന്റൺ ഡികോക്ക്, കെഎൽ രാഹുൽ എന്നിവരുടെ ഓപ്പണിങ് ജോഡിയുമാണ് ലഖ്‌നൗവിന്റെ കരുത്ത്.
ലഖ്‌നൗ ടീമിൽ ആയുഷ് ബദോനിക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തിയേക്കും. മാർകസ് സ്റ്റോയിനിസിന് പകരം എവിൻ ലൂയിസും ഇറങ്ങിയേക്കും.