അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 മെയ് 2022 (13:50 IST)
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ 17 റൺസ് വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് ഡൽഹി ക്യാപ്പിറ്റൽസ്. ലീഗിലെ അവസാന മത്സരത്തിൽ മുംബൈയെ മികച്ച മാർജിനിൽ പരാജയപ്പെടുത്താനായാൽ ഇക്കുറി ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
അതേസമയം പഞ്ചാബിനെതിരായ മത്സരത്തിലെ ഒരു സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ചർച്ചയാക്കുന്നത്. മത്സരം വിജയിക്കാനായെങ്കിലും കളിയിലെ ആദ്യ പന്തിൽ തന്നെ ഡൽഹി ഓപ്പണിങ് താരം ഡേവിഡ് വാർണർ തന്റെ വിക്കറ്റ് സമ്മാനിച്ചിരുന്നു. 9 വർഷത്തെ
ഐപിഎൽ കരിയറിൽ ഇതാദ്യമായാണ് വാർണർ ഗോൾഡൻ ഡക്ക് ആവുന്നത്. എന്നാൽ ഇക്കാര്യമല്ല. ഇതിലേക്ക് നയിച്ച ട്വിസ്റ്റ് ആണ് ക്രിക്കറ്റ് ലോകം ചർച്ചയാക്കുന്നത്.
രോഗ ബാധിതനായി ടീമിനു പുറത്തായ പൃഥ്വി ഷായ്ക്കു പകരം പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയ സർഫ്രാസ് ഖാനായിരുന്നു മത്സരത്തിൽ വാർണർക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്‌തത്. കളിയിലെ ആദ്യ ബൗൾ നേരിടേണ്ടതും സർഫ്രാസ് ആയിരുന്നു.ഇതിനായി സർഫ്രാസ് ഖാൻ ബാറ്റിങ് ക്രീസിലെത്തിയിരുന്നെങ്കിലും, ആദ്യ ഓവറിൽ പഞ്ചാബ് ക്യാപ്റ്റൻ മയാങ്ക് അഗർവാൾ ബൗൾ നൽകിയത് ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റണിനായിരുന്നു. സ്പിൻ ബൗളർക്കെതിരെ തുടക്കത്തിൽ തന്നെ ആധിപത്യം നേടാനാവണം അവസാന നിമിഷം വാർണർ സർഫ്രാസിൽ നിന്നും സ്ട്രൈക്ക് ചോദിച്ചു വാങ്ങുകയായിരുന്നു.
നോൺ സ്ട്രൈക്കിങ് എൻഡിൽ നിന്നും ബാറ്റ് ചെയ്യാനെത്തിയ വാർണറാവട്ടെ ആദ്യ പന്തിൽ തന്നെ രാഹുൽ ചഹറിന് ക്യാച്ച് നൽകി മടങ്ങി. വാർണർ പുറത്തായെങ്കിലും സർഫ്രാസിന്റെയും മിച്ചൽ മാർഷിന്റെയും പ്രകടനത്തോടെ ഭേദപ്പെട്ട സ്കോറിലെത്താൻ ടീമിന് സാധിച്ചു. വിജയിക്കാനായെങ്കിലും ചോദിച്ചു വാങ്ങിയ ഗോൾഡൻ ഡക്കിൽ വാർണർ നിരാശയിലാകാനാണ് സാധ്യതയേറെയും.