രേണുക വേണു|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2025 (09:35 IST)
IPL 2026: ഐപിഎല്‍ 2026 നു മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കും. അബുദാബിയിലെ ഇത്തിഹാദ് ഏരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് താരലേലം. പത്ത് ടീമുകളിലുമായി 77 സ്ലോട്ടുകളാണ് മിനി താരലേലത്തിലൂടെ നികത്താനുള്ളത്.
താരലേലത്തില്‍ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനു വേണ്ടിയായിരിക്കും ഫ്രാഞ്ചൈസികള്‍ ഏറ്റവും വലിയ തുക മുടക്കാന്‍ തയ്യാറാകുക. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനും അഞ്ച് കോടിക്കു മുകളില്‍ പ്രതിഫലം വരാന്‍ സാധ്യതയുണ്ട്. 2025 ല്‍ റിഷഭ് പന്തിനു ലഭിച്ച 27 കോടിയാണ് താരലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുക.
ലേലത്തില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ പേഴ്‌സ് ബാലന്‍സ് ഉള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്, 64.3 കോടി. 13 താരങ്ങളെയാണ് കൊല്‍ക്കത്തയ്ക്കു വേണ്ടത്. അതില്‍ ആറ് ഓവര്‍സീസ് താരങ്ങളെ വിളിച്ചെടുക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒന്‍പത് താരങ്ങളെ വേണം. ഡല്‍ഹി ക്യാപിറ്റല്‍സ് 8, ഗുജറാത്ത് ടൈറ്റന്‍സ് 5, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6, മുംബൈ ഇന്ത്യന്‍സ് 5, പഞ്ചാബ് കിങ്‌സ് 4, രാജസ്ഥാന്‍ റോയല്‍സ് 9, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 8, സണ്‍റൈസേഴ്‌സ് ഹൈദരബാദ് 10 എന്നിങ്ങനെയാണ് ടീമില്‍ നികത്തേണ്ട താരങ്ങളുടെ എണ്ണം. ഏറ്റവും കുറവ് പേഴ്‌സ് ബാലന്‍സ് മുംബൈ ഇന്ത്യന്‍സിനാണ്, 2.75 കോടി മാത്രം.
മാര്‍ച്ച് 26 നു ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ മേയ് 31 നായിരിക്കും. ഇക്കാര്യം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.