Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

മുംബൈയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മിച്ചല്‍ സാന്റ്‌നറെ ഹാര്‍ദിക് കൃത്യമായി ഉപയോഗിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം

Hardik Pandya, Mumbai Indians, IPL 2025, Hardik Pandya Captaincy Mumbai Indians
രേണുക വേണു| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (13:53 IST)
Hardik Pandya

Hardik Pandya: മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോറ്റതിനു പിന്നാലെ മുംബൈ ആരാധകര്‍ അടക്കം ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തെത്തി. തോല്‍വിക്കു പ്രധാന കാരണം ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്നാണ് മുംബൈ ആരാധകര്‍ വിമര്‍ശിക്കുന്നത്.

മുംബൈയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മിച്ചല്‍ സാന്റ്‌നറെ ഹാര്‍ദിക് കൃത്യമായി ഉപയോഗിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. രണ്ട് ഓവറില്‍ 7.50 ഇക്കോണമിയില്‍ വെറും 15 റണ്‍സാണ് സാന്റ്‌നര്‍ വിട്ടുകൊടുത്തത്. സാന്റ്‌നറുടെ നാല് ഓവര്‍ ക്വാട്ട ഹാര്‍ദിക് പൂര്‍ത്തിയാക്കാതിരുന്നത് മണ്ടത്തരമെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. പഞ്ചാബിനെതിരെ ഏറ്റവും കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിഞ്ഞത് സാന്റ്‌നര്‍ ആണ്.

ഹാര്‍ദിക് പാണ്ഡ്യയും തന്റെ ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ല. രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു പ്രധാന വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക്കിനു രണ്ട് ഓവറുകള്‍ കൂടി ശേഷിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ ഡെത്ത് ഓവറുകള്‍ വരെ എറിഞ്ഞു ശീലമുള്ള ഹാര്‍ദിക് രണ്ട് ഓവര്‍ എറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നു.

ഹാര്‍ദിക്കിന്റെ ഫീല്‍ഡ് പ്ലേസ്‌മെന്റിനെതിരെയും വിമര്‍ശനമുണ്ട്. ബുംറയുടെ അടക്കം യോര്‍ക്കറുകളെ തേര്‍ഡ് മാനില്‍ ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറി നേടുകയായിരുന്നു ശ്രേയസ് അയ്യര്‍. ഒന്നിലേറെ തവണ ശ്രേയസ് തേര്‍ഡ് മാനില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അതിനു യോജിച്ച രീതിയില്‍ ഫീല്‍ഡ് ഒരുക്കാന്‍ പാണ്ഡ്യയ്ക്കു സാധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :