അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ജൂണ്‍ 2025 (16:51 IST)
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ റൗണ്ടിലെ ആവേശകരമായ മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു. ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്നത്തേത് ജീവന്മരണ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്നാണ് പഞ്ചാബിന്റെ വരവെങ്കില്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലാണ് മുംബൈ.ഐപിഎല്‍ പ്ലേ ഓഫുകളുടെ കാര്യമെടുത്താല്‍ മുംബൈയ്ക്ക് പറയുവാന്‍ കണക്കുകള്‍ ഏറെയുണ്ടെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലെത്തുന്നത് തന്നെ നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്നാല്‍ ഇത്തവണ ക്വാളിഫയര്‍ മത്സരം അഹമ്മദാബാദിലാണ് എന്നത് പഞ്ചാബിന് ആശ്വാസം നല്‍കുന്നതാണ്.
നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിലെ റെക്കോര്‍ഡ് പഞ്ചാബിന് ഏറെ അനുകൂലമാണെന്നാണ് ഇതിന് കാരണം. ഇതിന് മുന്‍പ് അഹമ്മദാബാദില്‍ കളിച്ച 6 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 6 മത്സരങ്ങള്‍ ഇവിടെ കളിച്ച മുംബൈയ്ക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്.