അഭിറാം മനോഹർ|
Last Modified വെള്ളി, 5 മെയ് 2023 (19:53 IST)
വിരാട് കോലി, ജോ റൂട്ട്,സ്റ്റീവ് സ്മിത്ത്,വില്യംസൺ എന്നിവർ അടക്കിഭരിച്ച ക്രിക്കറ്റ് ലോകം ഇനിയാര് ഭരിക്കുമെന്ന ചർച്ച അടുത്തിടെ ക്രിക്കറ്റ് ലോകത്ത് ഉയർന്ന് വന്നിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം നടത്തി ശുഭ്മാൻ ഗിൽ ഭാവിയുടെ താരം താനാകുമെന്ന് സൂചന നൽകിയെങ്കിലും സ്റ്റീവ് സ്മിത്ത് അടക്കം നിരവധി താരങ്ങൾ ഭാവിയുടെ താരമായി വിശേഷിപ്പിച്ചത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 13.25 കോടി രൂപ മുടക്കി താരത്ത്എ ഹൈദരാബാദ് ഐപിഎല്ലിൽ സ്വന്തമാക്കിയത്. വിദേശത്ത് ബ്രൂക്ക് നടത്തുന്ന പോലത്തെ പ്രകടനങ്ങൾ ഇന്ത്യയിൽ താരത്തിന് നടത്താനാവില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകർ വ്യക്തമാക്കിയിരിക്കുകയാണ്. സീസണിലെ പകുതിയിലധികം മത്സരങ്ങൾ കഴിയുമ്പോൾ ഐപിഎല്ലിൽ വമ്പൻ പരാജയമായി മാറിയിരിക്കുകയാണ് താരം. ഈ സീസണിലെ ഒരു സെഞ്ചുറി മാറ്റിനിർത്തിയാൽ അടപടലമാണ് താരത്തിൻ്റെ സ്റ്റാറ്റിസ്റ്റിക്സ്.
സീസണിൽ 13,3,13,100*,9,18,7,0,0 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ. ഒരു തവണ മാത്രമാണ് താരത്തിന് സീസണിൽ ഇരുപതിലധികം റൺസ് കണ്ടെത്താനായത്. ക്രിക്കറ്റിലെ അടുത്ത വമ്പൻ താരമെന്ന് പറയുമ്പോഴും സെഞ്ചുറി പ്രകടനമല്ലാതെ വിശേഷിച്ച് ഒന്നും തന്നെ ചെയ്യാൻ താരത്തിനായിട്ടില്ല.ഇതോടെ ഇംഗ്ലീഷ് പിച്ചുകളിൽ മാത്രം കളിക്കാനുള്ള കഴിവുള്ള താരമാണ് ബ്രൂക്കെന്നും താരത്തെ വിരാട് കോലിയുമായൊന്നും താരതമ്യം ചെയ്യരുതെന്നും ആരാധകർ പറയുന്നു. താരം ഹൈദരാബാദിൻ്റെ ഫ്രീ വിക്കറ്റാണെന്നും മറ്റൊരു താരത്തെ പരീക്ഷിക്കാൻ ഹൈദരാബാദ് തയ്യാറാകണമെന്നും ആരാധകർ പറയുന്നു.