രേണുക വേണു|
Last Modified ചൊവ്വ, 26 നവംബര്‍ 2024 (08:28 IST)
Rajasthan Royals: ഐപിഎല്‍ മെഗാ താരലേലത്തിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനു ട്രോള്‍ മഴ. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാന്‍ വിളിച്ചെടുത്തിരിക്കുന്ന ടീം വളരെ മോശമാണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രധാനമായും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് ആരാധകര്‍ പഴിക്കുന്നത്.
ജോസ് ബട്‌ലര്‍, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരെ ലേലത്തില്‍ സ്വന്തമാക്കാതിരുന്നതാണ് രാജസ്ഥാന്‍ ആരാധകരെ ആദ്യം ചൊടിപ്പിച്ചത്. കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന താരങ്ങളാണ് ഇവര്‍ മൂന്ന് പേരും. ഇതില്‍ ഒരാളെ പോലും ലേലത്തില്‍ വിളിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നു ആരാധകര്‍ ചോദിക്കുന്നത്. ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനം നടത്താത്ത മഹീഷ് തീക്ഷ്ണ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരെ വന്‍ തുക മുടക്കി ലേലത്തില്‍ എടുത്തതിലെ ലോജിക്കും ആരാധകര്‍ ചോദ്യം ചെയ്യുന്നു.
ഫിനിഷര്‍ റോളിലേക്ക് എക്‌സ്‌പ്ലോസീവ് ആയ ഒരു ബാറ്ററെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചില്ല. മുന്‍പ് ടീമില്‍ ഉണ്ടായിരുന്ന റോവ്മന്‍ പവലിനെയെങ്കിലും ആര്‍ടിഎം വഴി വാങ്ങേണ്ടതായിരുന്നു. സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവര്‍ മാത്രമാണ് ബാറ്റിങ് ലൈനപ്പില്‍ വിശ്വസിക്കാന്‍ കഴിയുന്നത്. മാത്രമല്ല പല താരങ്ങള്‍ക്കും കൃത്യമായ ബാക്കപ്പ് പോലും കണ്ടെത്താന്‍ മാനേജ്‌മെന്റ് ശ്രമിച്ചിട്ടില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.