അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 നവംബര്‍ 2024 (13:48 IST)
ഐപിഎല്‍ മെഗാതാരലേലത്തില്‍ കഴിഞ്ഞ സീസണിലെ വിശ്വസ്ത താരങ്ങളെ ലേലത്തില്‍ കൈവിട്ട് രാജസ്ഥാന്‍. ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെയും ധ്രുവ് ജുറലിനെയും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയതോടെ തന്നെ താരലേലത്തില്‍ ബട്ട്ലര്‍, ചഹല്‍ തുടങ്ങിയ താരങ്ങളെ രാജസ്ഥാന് സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.
താരലേലത്തിന്റെ ആദ്യദിനം അവസാനിപ്പിക്കുമ്പോള്‍ പേസറായി ജോഫ്ര ആര്‍ച്ചറിനെയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം സ്പിന്നര്‍മാരായി ആര്‍ അശ്വിനും യൂസ്വേന്ദ്ര ചഹലും മികച്ച പ്രകടനമാണ് രാജസ്ഥാനായി നടത്തിയത്. ഇത്തവണ സ്പിന്നര്‍മാരായി ശ്രീലങ്കന്‍ താരങ്ങളായ വാനിന്ദു ഹസരങ്ക,മഹീഷ തീക്ഷണ എന്നിവരാണ് രാജസ്ഥാന്‍ ടീമില്‍ ഇടം പിടിച്ചത്.
കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ പേസ് ആക്രമണത്തിന്റെ മുഖമായിരുന്ന ട്രെന്റ് ബോള്‍ട്ടിനെ കൈവിട്ടത് രാജസ്ഥാന് നഷ്ടക്കച്ചവടമാണ്. പരിക്ക് സ്ഥിരമായി അലട്ടുന്ന ആര്‍ച്ചറുടെ ഫോമാകും വരുന്ന സീസണില്‍ രാജസ്ഥാന് നിര്‍ണായകമാകുക. ഇന്ത്യന്‍ പേസര്‍ ആകാശ് മധ്വാളിനെ സ്വന്തമാക്കാനാതും രാജസ്ഥാന് നേട്ടമാണ്. അതേസമയം ഒരു പേസ് ഓള്‍റൗണ്ടറെ ആദ്യ ദിനം ടീമിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല.
ഇതോടെ ആദ്യദിനം അവസാനിപ്പിക്കുമ്പോള്‍ കീപ്പര്‍ താരങ്ങളായി സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍ എന്നിവരും ബാറ്റര്‍മാരായി യശ്വസി ജയ്‌സ്വാള്‍,റിയാന്‍ പരാഗ്,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരും ടീമിലുണ്ട്. സ്പിന്നര്‍മാരായി ഹസരങ്കയും കുമാര്‍ കാര്‍ത്തികേയയും മഹീഷ തീക്ഷണയും പേസര്‍മാരായി സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍ എന്നിവരുമാണ് രാജസ്ഥാന്‍ നിരയിലുള്ളത്.താരലേലത്തിന്റെ രണ്ടാം ദിവസം 17.35 കോടിയാണ് രാജസ്ഥാന്റെ പേഴ്‌സിലുള്ളത്. നാല് വിദേശതാരങ്ങള്‍ ഉള്‍പ്പടെ ഇനിയും 14 പേരെ സ്വന്തമാക്കാന്‍ രാജസ്ഥാന് ഇനിയും അവസരമുണ്ട്.