രേണുക വേണു|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (12:37 IST)
ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍ കളി മറന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ. തിങ്കളാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ തോല്‍ക്കാന്‍ പ്രധാന കാരണം ജഡേജയാണെന്നാണ് ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ കുറച്ചുകൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ കളി ചെന്നൈ ജയിക്കേണ്ടതായിരുന്നെന്നാണ് ആരാധകരുടെ അഭിപ്രായം.
പഞ്ചാബ് ഉയര്‍ത്തിയ 187 റണ്‍സ് പിന്തുടരുകയായിരുന്ന ചെന്നൈയുടെ ഇന്നിങ്‌സ് 176 ല്‍ അവസാനിക്കുകയായിരുന്നു. വഴങ്ങിയത് 11 റണ്‍സിന്റെ തോല്‍വി. ഡെത്ത് ഓവറുകളില്‍ ജഡേജയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരുന്നതാണ് തോല്‍വിയുടെ പ്രധാന കാരണം. ആറാമനായാണ് ജഡേജ ക്രീസിലെത്തിയത്. കളി കഴിയുമ്പോള്‍ ജഡേജ 16 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
15-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജഡേജയുടെ വ്യക്തിഗത സ്‌കോര്‍ ഏഴ് പന്തില്‍ നാല് റണ്‍സ് ആയിരുന്നു. 16-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 10 പന്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലായി. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 14 പന്തില്‍ 14 ! ഈ മെല്ലെപ്പോക്കാണ് ചെന്നൈയുടെ തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചത്. അവസാന ഓവറിലാണ് ജഡേജയുടെ ബാറ്റില്‍ നിന്ന് ഒരു സിക്‌സ് പിറക്കുന്നത്. അപ്പോഴേക്കും കളി ചെന്നൈ കൈവിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ചെന്നൈയെ വിജയത്തിലെത്തിച്ച ധോണിക്ക് മുന്‍പേ ജഡേജ ഇറങ്ങിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം. ജഡേജ ഇറങ്ങിയ സമയത്ത് ധോണി ക്രീസിലെത്തിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് ആരാധകര്‍ വിചാരിക്കുന്നു.