'ചെന്നൈയുടെ പഴയ നായകന്‍ അപ്പോഴും ക്രീസിലുണ്ടായിരുന്നു, ഏതാനും മാസങ്ങള്‍ക്കകം 41 വയസ്സ് തികയാന്‍ പോകുന്ന ബാറ്റര്‍'

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (10:55 IST)

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ച മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. അവസാന നാല് പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരിക്കെ ഒരു സിക്‌സും രണ്ട് ഫോറും സഹിതം അനായാസേന വിജയം സ്വന്തമാക്കുകയായിരുന്നു ധോണി. മുംബൈ ഇന്ത്യന്‍സിനെതിരായ ധോണിയുടെ പ്രകടനത്തെ കുറിച്ച് ക്രിക്കറ്റ് നിരീക്ഷകനും എഴുത്തുകാരനുമായ സന്ദീപ് ദാസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സന്ദീപിന്റെ കുറിപ്പ് വായിക്കാം

കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ ഡഗ്-ഔട്ടിനുനേരെ തിരിഞ്ഞുനിന്ന് ആനന്ദം പ്രകടിപ്പിക്കുകയായിരുന്നു. 156 എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചാമത്തെ വിക്കറ്റും നഷ്ടമായിക്കഴിഞ്ഞിരുന്നു. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന അമ്പാട്ടി റായുഡുവാണ് പൊള്ളാര്‍ഡിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത്.

പരിതാപകരമായ ഒരു ഐ.പി.എല്‍ സീസണ്‍ മുംബൈ ടീമിന്റെ പുറകിലുണ്ടായിരുന്നു. ഒരു വിജയത്തിനുവേണ്ടി അവര്‍ അത്രയേറെ കൊതിച്ചിരുന്നു. നിതാന്തവൈരികളായ ചെന്നൈയോട് പരാജയപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും മുംബൈയ്ക്ക് സാധിക്കില്ലായിരുന്നു. നീലപ്പട രക്തം മണത്തു. അതീവ തന്ത്രശാലിയായ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ലോങ്ങ്-ഓഫില്‍ ഒരു കെണിയൊരുക്കി. ചെന്നൈ സ്‌കിപ്പര്‍ രവീന്ദ്ര ജഡേജ അതില്‍ കുരുങ്ങി. അപ്പോള്‍ ചെന്നൈയ്ക്ക് 26 പന്തുകളില്‍നിന്ന് 50 റണ്‍സ് ആവശ്യമുണ്ടായിരുന്നു.

അതിനുപിന്നാലെ ജസ്പ്രീത് ബുംറ വരിവരിയായി യോര്‍ക്കറുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. മുംബൈയ്ക്ക് ആദ്യ വിജയം സ്വന്തമാകുമെന്ന് മിക്കവരും വിശ്വസിച്ചുതുടങ്ങി. ചെന്നൈയുടെ പഴയ നായകന്‍ അപ്പോഴും ക്രീസിലുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്കകം 41 വയസ്സ് തികയാന്‍ പോകുന്ന ബാറ്റര്‍. വിരോധികളുടെ കല്ലേറുകളും അധിക്ഷേപങ്ങളും നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റര്‍. പേര് മഹേന്ദ്രസിംഗ് ധോനി!

ആ സമയത്ത് റണ്‍ചേസിനെ മുന്നോട്ടു നയിച്ചിരുന്നത് പ്രിട്ടോറിയസ്സായിരുന്നു. 14 പന്തുകളില്‍നിന്ന് 22 റണ്‍സ് അടിച്ചെടുത്ത പ്രിട്ടോറിയസ് മഞ്ഞപ്പടയെ വിജയത്തിന്റെ അടുത്തെത്തിച്ചു. പക്ഷേ ജയ്‌ദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ പ്രിട്ടോറിയസ് കീഴടങ്ങിയതോടെ ചെന്നൈ വീണ്ടും സമ്മര്‍ദ്ദത്തിലായി. പകരം ഇറങ്ങിയ ഡ്വെയിന്‍ ബ്രാവോ സിംഗിളെടുത്ത് സ്‌ട്രൈക്ക് ധോനിയ്ക്ക് കൈമാറി. ഇനി വേണ്ടത് 4 പന്തുകളില്‍ 16 റണ്‍സ്!

ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന യുവതാരങ്ങള്‍ പോലും പതറിപ്പോവുന്ന സാഹചര്യം. ഒരു ഡോട്ട്‌ബോള്‍ വന്നാല്‍ കളി ഏതാണ്ട് തീര്‍ന്നു എന്ന അവസ്ഥ! ആ ഘട്ടത്തില്‍ ഒരു വെറ്ററന്‍ എന്തുചെയ്യാനാണ്!?
ഉനദ്കട്ട് ഒരു ക്രോസ് സീം ബോള്‍ തൊടുത്തുവിട്ടു. അത് സൈറ്റ് സക്രീനിനു മുകളിലൂടെ പറന്നു. സിക്‌സര്‍! യുദ്ധങ്ങള്‍ ജയിക്കാനുള്ള ബാല്യം തനിക്കിപ്പോഴും അവശേഷിക്കുന്നു എന്ന് വിളിച്ചുപറയുകയായിരുന്നു എം.എസ്.ഡി!

ധോനിയുടെ ബാറ്റില്‍നിന്ന് തുടര്‍ന്നും ബൗണ്ടറികള്‍ ഒഴുകി. ഏതാനും മിനുട്ടുകള്‍ക്കകം ചെന്നൈ എല്‍-ക്ലാസിക്കോയില്‍ വിജയം വരിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ശാന്തനായി നടന്നുപോവുന്ന ധോനിയെ നാം കാണുകയും ചെയ്തു.

ഓര്‍മ്മകള്‍ ഒമ്പത് വര്‍ഷം പുറകിലേയ്ക്ക് സഞ്ചരിച്ചു. 2013ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് ധോനിയായിരുന്നു. ഫൈനലിലെ അവസാന ഓവറില്‍ ഷാമിന്ദ എറംഗയ്‌ക്കെതിരെ
15 റണ്‍സ് വാരിക്കൂട്ടിയാണ് ധോനി ശ്രീലങ്കയെ തകര്‍ത്തത്. അതും വാലറ്റക്കാരനായ ഇഷാന്ത് ശര്‍മ്മയെ കൂട്ടുപിടിച്ചുകൊണ്ട്!

ആ അത്ഭുതപ്രകടനം കണ്ട് വിസ്മയിച്ച മുന്‍ വിന്‍ഡീസ് ബോളര്‍ ഇയന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു- ''അവസാന ഓവറില്‍ 15 റണ്ണുകള്‍ ആവശ്യമാണെങ്കില്‍ സമ്മര്‍ദ്ദത്തിലാവുന്നത് ബോളറാണ്. ധോനിയല്ല...!''
കാലം ഒരുപാട് കടന്നുപോയി. ധോനി അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ചുകഴിഞ്ഞു. ഫ്രാഞ്ചെസി ക്രിക്കറ്റിലെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു. ഇപ്പോഴും ബിഷപ്പിന്റെ വാക്കുകള്‍ കാലാഹരണപ്പെട്ടിട്ടില്ല! ഇന്നും ധോനിയേക്കാള്‍ മികച്ച ഒരു ഫിനഷര്‍ കളിയിലില്ല!

ധോനിയുടെ പ്രവൃത്തികള്‍ അവിശ്വസനീയമാണ്. ഭയം എന്നൊരു വികാരം ഈ മനുഷ്യനുണ്ടോ എന്ന് അതിശയിച്ചുപോകും! റിക്വയേഡ് റണ്‍റേറ്റ് കുതിച്ചുയരുന്നത് കണ്ട് പരിഭ്രാന്തനായ പ്രിട്ടോറിയസ് ഇല്ലാത്ത ഒരു റണ്ണിനുവേണ്ടി ഓടിയിരുന്നു. പക്ഷേ ധോനി അയാളെ ശാസിച്ച് തിരിച്ചയച്ചു. ഇതൊക്കെ നമുക്ക് അനായാസം കൈകാര്യം ചെയ്യാനാവും എന്നൊരു ആത്മവിശ്വാസം!

പ്രഷറിനെ അതിജീവിക്കുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ് പൊള്ളാര്‍ഡ്. ആ പൊള്ളാര്‍ഡിനെപ്പോലും തളര്‍ത്തിയ മത്സരമാണ് കഴിഞ്ഞുപോയത്. അവസാന പന്ത് എറിയുമ്പോഴേക്കും പൊള്ളാര്‍ഡിന്റെ ഊര്‍ജ്ജമെല്ലാം വറ്റിയതുപോലെ അനുഭവപ്പെട്ടിരുന്നു. അത്രയേറെ ടെന്‍ഷന്‍ കുമിഞ്ഞുകൂടിയിരുന്നു. പക്ഷേ ധോനിയ്ക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു! അവസാന പന്തില്‍ നാലു റണ്‍ വേണം എന്ന നിലയിലും ധോനി പതറിയില്ല. ഉനദ്കട്ട് എറിഞ്ഞത് ഒരു ലോ ഫുള്‍ടോസായിരുന്നു. ഡെത്ത് ഓവറുകളില്‍ ബാറ്റര്‍മാരെ പലപ്പോഴും കബളിപ്പിക്കുന്ന ഡെലിവെറി. പക്ഷേ അതിനെ ഫൈന്‍ലെഗ്ഗിലൂടെ വേലിക്കെട്ടിലേയ്ക്ക് പറഞ്ഞയക്കാനുള്ള മാര്‍ഗ്ഗം ധോനി കണ്ടെത്തി!

ധോനിയുടെ ശരീരത്തിന് പ്രായമായിട്ടുണ്ടാവാം. പക്ഷേ ഒരു കമ്പ്യൂട്ടറിന് സമാനമായ ആ മനസ്സ് ഇപ്പോഴും ഷാര്‍പ്പാണ്! അപകടകാരിയായ ബുംറയെ സൗകര്യപൂര്‍വ്വം ഒഴിവാക്കി ദുര്‍ബലകണ്ണിയായ ഉനദ്കട്ടിനെ ആക്രമിച്ചത് അതുകൊണ്ടാണ്. ധോനിയുടെ ഈ ചങ്കുറപ്പും ബുദ്ധിസാമര്‍ത്ഥ്യവും സമഞ്ജസമായി സമ്മേളിച്ചപ്പോഴെല്ലാം ഇന്ത്യ വന്‍ വിജയങ്ങള്‍ നേടിയിരുന്നു. കരിയറിന്റെ അന്ത്യയാമത്തിലും അയാള്‍ നമ്മെ ആനന്ദിപ്പിക്കുന്നു. ഈ മനുഷ്യനോട് നന്ദി പറയാന്‍ വാക്കുകള്‍ മതിയാകുമോ!?

ധോനി പൊതുവേദിയില്‍ വികാരഭരിതനാവുന്നത് ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്ലിലേയ്ക്ക് മടങ്ങിയെത്തിയ സമയത്ത് ധോനി ഒരു പ്രസംഗം നടത്തിയിരുന്നു-''കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് കടുപ്പമേറിയതായിരുന്നു. ആരാധകര്‍ ഞങ്ങളോടൊപ്പം നിന്നു. തിരിച്ചുവരവിന്റെ ഈ നിമിഷത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്...!'' അത് പറയുമ്പോള്‍ ധോനിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. ശബ്ദം ഇടറിയിരുന്നു. കൈകള്‍ വിറച്ചിരുന്നു. അയാളുടെ പ്രാണനായിരുന്നു ചെന്നൈ ടീം...! മുംബൈയ്‌ക്കെതിരായ മത്സരം ഫിനിഷ് ചെയ്ത ധോനിയെ എല്ലാ ടീം അംഗങ്ങളും സല്യൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ധോനി അവരുടെ എല്ലാമെല്ലാമാണ്!

മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കളി നടന്നത്. പക്ഷേ കാണികളുടെ കൈയ്യടി മുഴുവന്‍ ധോനിയ്ക്കായിരുന്നു. മുംബൈ നിവാസികള്‍ ധോനിയ്ക്കുനേരെ ഒരു നിശബ്ദ പ്രസ്താവന മുന്നോട്ട് വെയ്ക്കുകയായിരുന്നു- ''ചെന്നൈ ഞങ്ങളുടെ നിത്യശത്രുക്കളാണ്. മഞ്ഞജഴ്‌സി ധരിച്ചെത്തുമ്പോള്‍ നിങ്ങളും ഞങ്ങളുടെ എതിരാളിയാണ്. പക്ഷേ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കരഘോഷം മുഴക്കും. നിങ്ങളോട് അത്രമേല്‍ സ്‌നേഹം ഞങ്ങള്‍ക്കുണ്ട്...!''

''ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍നിന്ന് വാംഖഡേ മൈതാനത്തിലേയ്ക്ക് ഒത്തിരി ദൂരമില്ല. അവിടെവെച്ച് നടന്ന ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ അടിച്ച സിക്‌സര്‍...ഒന്നും അതിനേക്കാള്‍ വലുതാവുന്നില്ല
പ്രിയപ്പെട്ടവനേ...!''




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :