‘ബുര്‍ക്കിനി’ ധരിച്ച് നീന്താന്‍ അനുവദിക്കില്ല!

പാരിസ്| WEBDUNIA| Last Modified വെള്ളി, 23 ജൂലൈ 2010 (15:07 IST)
ബിക്കിനിക്ക് പകരം ‘ബുര്‍ക്കിനി’ ധരിച്ചാലും ഫ്രാന്‍സിലെ നീന്തല്‍ക്കുളങ്ങളിലേക്ക് പ്രവേശനം ലഭിക്കില്ല. മുഖാവരണം സഹിതം ശരീരമാകെ മൂടുന്ന രീതിയിലുള്ള നീന്തല്‍ വേഷം (‘ബുര്‍ക്കിനി’) ധരിച്ചെത്തിയ രണ്ട് മുസ്ലീം വനിതകളെ അധികൃതര്‍ നീന്തല്‍ക്കുളത്തില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കി.

ഫ്രാന്‍സില്‍ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി പത്ത് ദിവസത്തിനുള്ളിലാണ് നീന്തല്‍ക്കുളത്തിലെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിക്കിനി ധരിക്കാതെയെത്തിയ മുസ്ലീം സ്ത്രീകള്‍ സ്വന്തം നിലപാട് വിശദീകരിച്ചു എങ്കിലും അധികൃതര്‍ വഴങ്ങിയില്ല.

നീന്തല്‍ കുളത്തില്‍ നീന്തല്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ എന്ന് ഭര്‍ത്താക്കന്‍‌മാരോടൊപ്പം എത്തിയ സ്ത്രീകള്‍ വാദിച്ചു. എന്നാല്‍, പൊതു സ്ഥലത്ത് മുഖം മറച്ച് നടക്കുന്നതിന് ജയില്‍ ശിക്ഷ വരെ ലഭിക്കാമെന്നതിനാല്‍, ബിക്കിനി ധരിക്കാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനാവില്ല എന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചു നിന്നു.

ഇതിനിടെ, ഒരു സ്ത്രീയുടെ ഭര്‍ത്താവ് അധികൃതരെ ആക്രമിക്കാനൊരുങ്ങിയതോടെ പൊലീസും രംഗത്ത് എത്തി. അവസാനം, കേസൊന്നും എടുക്കാതെ സ്ത്രീകളെയും ഭര്‍ത്താക്കന്‍‌മാരെയും വിട്ടയച്ചു.

ദക്ഷിണ ഫ്രാന്‍സിലെ പോര്‍ട്ട് ലുകാറ്റെയിലുള്ള ‘റിവ് ദെസ് കോര്‍ബിയേഴ്’സിലാണ് ‘ബുര്‍ക്കിനി‘ വിവാദം അരങ്ങേറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :