ദക്ഷിണാഫ്രിക്ക ചിരിക്കുന്നു, ഫ്രാന്‍സിന് പരിഭ്രമം!

WEBDUNIA|
ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആദ്യദിന മത്സരങ്ങള്‍ക്ക് തിരശീല വീണപ്പോള്‍ ഫുട്ബോള്‍ കാണികള്‍ക്ക് നിരാശ. ദക്ഷിണാഫ്രിക്കയും മെക്സിക്കോ-യും തമ്മില്‍ നടന്ന ആദ്യ മത്സരവും പേരുകേട്ട ഫ്രാന്‍സും ഉറുഗ്വെയും തമ്മില്‍ നടന്ന രണ്ടാം മത്സരവും ലോകകപ്പ് ഫുട്ബോളിന്റെ ലോകനിലവാരത്തിന് അടുത്തെങ്ങും എത്തിയില്ല.

ആതിഥേയരായ ദക്ഷിണാഫ്രിക്കക്കത് സന്തോഷത്തിന്റെ ദിവസമായിരുന്നു. വെറും രണ്ട് തവണ മാത്രം (1998, 2002) ലോകകപ്പ് കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്ക, പതിമൂന്ന് തവണ ലോകകപ്പില്‍ പങ്കെടുക്കുകയും രണ്ട് തവണ (1970, 1986 ) ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്ത മെക്സിക്കോയെ ഡ്രോയിലേക്ക് വലിച്ചിഴച്ചതിന്റെ സന്തോഷം.

കഴിഞ്ഞ ലോകകപ്പില്‍ റണ്ണര്‍ അപ്പും 1998-ല്‍ ലോകകപ്പ് കിരീടവും ചൂടിയ ഫ്രഞ്ചുകാര്‍ക്കിത് ദുരന്തപര്‍വം. കഴിഞ്ഞ ലോകകപ്പ് കഴിഞ്ഞ് നാലുവര്‍ഷം കഴിഞ്ഞതോടെ ഫ്രഞ്ചുകാര്‍ കളി മറന്നുവോ? റെയ്‌മണ്ട് ഡൊമെനിക്കിന്റെ കുട്ടികള്‍ക്ക് അവസാന നിമിഷം വരെ ആഞ്ഞ്‌ ശ്രമിച്ചിട്ടും ഉറേഗ്വെന്‍ വല ചലിപ്പിക്കാനായില്ല. വളരെ മോശമായ പ്രതിരോധവും ആക്രമണവുമാണ് ഉറുഗ്വേ കാഴ്ചവച്ചത് എന്നതാണ് ഏറെ രസകരമായ സംഗതി.

(- മെക്സിക്കോ / ഫലം - 1:1 / പോയിന്റ് നില - ഇരുകൂട്ടര്‍ക്കും 1)

ആദ്യ മത്സരത്തില്‍ നിറഞ്ഞുനിന്നത് മെക്സിക്കോ തന്നെയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മെക്‌സിക്കോ കിട്ടിയ അവസരം പാഴാക്കിയപ്പോള്‍ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയില്‍ കളി ചൂടുപിടിച്ചു. കാണികളുടെ ആവേശം ഏറ്റുവാങ്ങിയ ആതിഥേയരായ ദക്ഷിണാഫ്രിക്ക അമ്പത്തിനാലാം മിനിറ്റില്‍ ഷബലാലയിലൂടെ മെക്സിക്കന്‍ വല തകര്‍ത്തു. മറുപടി ഗോളിനായി ഇരുപത്തിയെട്ട് മിനിറ്റുകള്‍ കാത്തെങ്കിലും ജാവിയര്‍ അഗ്വിരേയുടെ കുട്ടികള്‍ എഴുപത്തിനാലാം മിനിറ്റില്‍ ലക്‌ഷ്യം കണ്ട് ദക്ഷിണാഫ്രിക്കയെ സമനിലയില്‍ എത്തിച്ചു.

സമനിലയിലായതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആവേശം കെട്ടു. അവസാന പത്തു മിനിട്ടില്‍ രണ്ട് ടീമുകളും ഏറക്കുറെ തുല്യശക്തികളായാണ് പോരാടി. എണ്‍‌പത്തിയൊമ്പതാം മിനിറ്റില്‍ മെക്സിക്കന്‍ വല ലക്‌ഷ്യമാക്കി ദക്ഷിണാഫ്രിക്കയുടെ എംഫേലയുടെ കാലില്‍ നിന്ന് പന്ത് പാഞ്ഞുവെങ്കിലും ഷോട്ട്‌ വലത്തെ പോസ്റ്റില്‍ തട്ടി പുറത്തേക്കു പോയി. റഫറി മൂന്നു മിനിട്ട്‌ അധിക സമയം നല്‍‌കിയെങ്കിലും ആര്‍ക്കുമത് മുതലെടുക്കാന്‍ കഴിഞ്ഞില്ല.

(ഫ്രാന്‍സ് - ഉറുഗ്വെ / ഫലം - 0:0 / പോയിന്റ് നില - ഇരുകൂട്ടര്‍ക്കും 1)

ആറാം മിനിട്ടില്‍ ഫ്രാന്‍സിന്‌ ഒരു സുവര്‍ണാവസരം ലഭിച്ചു. പക്ഷേ, ഇടതുവിംഗിലൂടെ പന്തുമായി ഓടിക്കയറിയ റിബറി നല്‍കിയ തകര്‍പ്പന്‍ ക്രോസ്‌ ഷോട്ട് കണക്‌ട്‌ ചെയ്യാന്‍ ആരുമുണ്ടായില്ല. പത്താംമിനിട്ടില്‍ അബുദയാബി എടുത്ത ലോംഗ്‌റേഞ്ച്‌ ഷോട്ടും പാഴായിപ്പോയി. അടുത്ത അവസരം ഉറുഗ്വേയുടെ ലൂയിസ്‌ സുവാരിസിനാണ് ലഭിച്ചത്. റഫറി ഓഫ്‌ വിളിക്കുമോ എന്ന സംശയത്തില്‍ പതറിയ സുവാരിസിന്റെ കയ്യില്‍ നിന്ന് ഫ്രഞ്ചുകാര്‍ പന്തുറാഞ്ചി. ഇരുപത്തെട്ടാം മിനിട്ടില്‍ ഗോവു നല്‍കിയൊരു ക്രോസ്‌ അനല്‍ക്ക പാഴാക്കി. നാല്‍‌പ്പത്തിമൂന്നാം മിനിറ്റില്‍ ദിയാബി പാസ് ചെയ്ത പന്ത് സാഗ്നയിലൂടെ അനല്‍ക്കയുടെ തലയ്ക്ക്‌ പാകമായ വിധം താഴ്‌ന്നുവന്നെങ്കിലും ഹെഡര്‍ ഉറുഗ്വെയുടെ ഗോളി മസ്‌ലേര തട്ടിമാറ്റി.

പണ്ടാം പകുതിയില്‍ കളി കുറച്ച് ചൂടുപിടിച്ചു. മികച്ചുനിന്നത് ഫ്രഞ്ച് പട തന്നെ. അറുപതാം മിനിട്ടില്‍ ഗോര്‍ക്കഫിന്റെ ഫ്രീകിക്കില്‍ നിന്ന്‌ റിബറിക്ക്‌ പാസ് ലഭിച്ചെങ്കിലും ഷോട്ട്‌ പാഴായിപ്പോയി. എഴുപത്തൊമ്പതാം മിനിട്ടില്‍ ഫ്രാന്‍സിന്റെ മലോദ ഒരു നല്ല നീക്കം നടത്തിയെങ്കിലും പോസ്റ്റിന്‌ പുറത്തേക്കാണ്‌ പന്ത്‌ താഴ്‌ന്നിറങ്ങിയത്‌. ഫ്രാന്‍സിന്റെ ലൊദേര രണ്ടാം ത്വണയും മഞ്ഞ കാര്‍ഡും മാര്‍ച്ചിംഗ്‌ ഓര്‍ഡറും വാങ്ങി പുറത്തുപോയതോടെ ഫ്രഞ്ച് പട പത്തുപേരായി ചുരുങ്ങി. ഉറുഗ്വേക്കാരെ മറികടന്ന്‌ തിയറി ഹെന്‍‌റി ഒരു ഷോട്ട്‌ ഉതിര്‍ത്തെങ്കിലും ഓഫ്‌ സൈഡായി. ഇഞ്ച്വറി ടൈമില്‍ ഹെന്‍‌റി എടുത്ത ഫ്രീകിക്കും പ്രതിരോധത്തില്‍ തട്ടി പുറത്തു പോയതോടെ കളിക്ക് തിരശീല വീണു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :