ലോസ് ഏഞ്ചല്‍സ്|
WEBDUNIA|
Last Modified ചൊവ്വ, 28 ജൂലൈ 2009 (09:33 IST)
പോപ്പ് സംഗീതജ്ഞന്‍ മൈക്കല്‍ ജാക്സണ് ഉറങ്ങുന്നതിന് വേണ്ടി അദ്ദേഹത്തിന്‍റെ ഡോക്ടര്‍ ശക്തിയേറിയ മയക്കുമരുന്ന് നല്‍കിയിരുന്നതായും അതാണ് മരണത്തിന് കാരണമായതെന്നും നിയമകാര്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍. ജാക്സണ്‍ അവസാന രാത്രി കഴിഞ്ഞിരുന്ന മുറിയില്‍ നിന്ന് ഇതിനുള്ള തെളിവ് ലഭിച്ചതായും പേര് വെളിപ്പെടുത്താത്ത ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓക്സിജന്‍ ടാങ്കുകളും ഒരു ഐ വി ഡ്രിപ് ഉപകരണവും മുറിയിലുണ്ടായിരുന്നു. ആകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു ജാക്സന്‍റെ മുറി. തുണികളും മറ്റ് വസ്തുക്കളും മുറിയില്‍ ചിതറിക്കിടന്നിരുന്നു. എല്ലാ രാത്രികളിലും ജാക്സണ്‍ ഉറങ്ങാനായി പ്രോപോഫോള്‍ എന്ന മരുന്ന് ശരീരത്തില്‍ കയറ്റിയിരുന്നു. ജാക്സണ് ഉണരേണ്ട സമയമാകുമ്പോള്‍ അദ്ദേഹത്തിന്‍റെ ഡോക്ടര്‍ കോര്‍ണാഡ് മുറെ ഡ്രിപ് ശരീരത്തില്‍ നിന്ന് മാറ്റുകയാണ് പതിവ്. ജാക്സണ്‍ മരിച്ച ജൂണ്‍ 25നും ഇത്തരത്തില്‍ ഡ്രിപ് നല്‍കിയുരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജാക്സന്‍റെ ടോക്സിക്കോളജി ടെസ്റ്റിന്‍റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പ്രോപോഫോള്‍ ഹൃദയ സ്തംഭനത്തിന് കാരണമാകുമോ എന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രണ്ട് വര്‍ഷത്തോളം ജാക്സണ്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ സാധാരണയായി ഈ മരുന്ന് നല്‍കാറുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.