ഗാസയിലെ കൂട്ടക്കുരുതിക്കിടെ യുഎന്‍ ഓഫീസുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎന്നിന്‍റെ പ്രത്യേക സംഘം ഉടന്‍ ഗാസയില്‍ എത്തും. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇയാന്‍ മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള നാലംഗ ബോര്‍ഡാണ് അന്വേഷണം നടത്തുന്നത്. സംഘം അന്വേഷണം ആരംഭിച്ചതായി മൂണ്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ഡിസംബര്‍ 27 മുതല്‍ നടന്ന സംഭവങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച നീണ്ടു നിന്ന ആക്രമണത്തിനിടെ യുഎന്‍ സ്കൂളുകള്‍ക്ക് നേരെയുണ്ടായ ഷെല്‍ വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി ബോര്‍ഡ് മൂണിന് റിപ്പോര്‍ട്ട് നല്‍കും. കുറ്റക്കാരായവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ പിന്നീട് സഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. യുഎസില്‍ നിന്നുള്ള ലാറി ജോണ്‍സണ്‍, ശ്രീലങ്കയില്‍ നിന്നുള്ള സിന്‍ഹ ബസ്നായകെ, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ലഫ്. കേണല്‍ പാട്രിക് എന്നിവരാണ് മാര്‍ട്ടിനെ കൂടാതെ അന്വേഷണ സംഘത്തില്‍ ഉള്ളത്.