സത്യം കേസന്വേഷണം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
സത്യം കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി കേന്ദ്ര കമ്പനി കാര്യ മന്ത്രി പ്രേം ചന്ദ് ഗുപ്ത പാര്‍ലമെന്‍റില്‍ അറിയിച്ചു. സത്യം കേസ് സിബിഐ‌ക്ക് വിടാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ച് ഒരു ദിവസത്തിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.

രാജ്യസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യവെ, സീരിയസ് ഫ്രോഡ് ഇന്‍‌വെസ്റ്റിഗേഷന്‍ ഒഫീസും മറ്റ് അന്വേഷണ ഏജന്‍സികളും ഇതുവരെ കേസുമായി ബന്ധപ്പെട്ട് നൂറിലധികം പ്രമാണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ സസൂക്ഷ്മം പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്‍റെ ബാങ്ക് സ്റ്റേറ്റുമെന്‍റുകളും പരിശോധിച്ച് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വ്യാജ കമ്പനികളെ ഉപയോഗിച്ച് സത്യത്തിന്‍റെ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്ന ആരോപണം അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജു നിഷേധിച്ചിരിക്കുകയാണ്. സത്യത്തിന്‍റെ ഫണ്ടുകളില്‍ തിരിമറി നടന്നതിന് ഒരു തെളിവും കഴിഞ്ഞ 40 ദിവസമായി അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ലെന്ന് രാജുവിന്‍റെ അഭിഭാഷകന്‍ എസ് ഭരത് കുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :