മാറാട്: സി‌ബി‌ഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 10 ഫെബ്രുവരി 2009 (16:57 IST)
മാറാട് കൂട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തള്ളി.

മാറാട് സംഭവം നടന്നിട്ട് ആറ്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇനി ഒരു സി ബി ഐ അന്വേഷണം പ്രയോജനം ചെയ്യുമെന്ന് കരുതുന്നില്ല - ആക്‍ടിംഗ് ചീഫ്‌ ജസ്റ്റിസ്‌ ജെ ബി കോശിയും ജസ്റ്റിസ്‌ ഭവദാസനും ഉള്‍പ്പെട്ട ബഞ്ച്‌ വിലയിരുത്തി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കിയത്.

മാറാട്‌ കൂട്ടക്കൊലക്കേസില്‍ 62 പ്രതികളെ മാറാട്‌ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 139 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ 70 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു. അഞ്ചുപേര്‍ ജുവനൈല്‍ പ്രതികളാണ്. രണ്ടു പേരെ ഇപ്പോഴും പിടി കിട്ടിയിട്ടില്ല.

മാറാട് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധി സര്‍ക്കാരിന്‍റെ നിലപാടിന് തിരിച്ചടിയായി. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഇക്കാര്യത്തില്‍ കേന്ദ്രത്തിന് നിരന്തരം കത്തയച്ചിരുന്നു.

2003 മേയ്‌ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. വൈകിട്ട്‌ 6.45ന്‌ മാറാട്‌ കടപ്പുറത്ത്‌ കാറ്റു കൊള്ളാനിരുന്നവരാണ് അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. അക്രമികളില്‍ ഒരാള്‍ ഉള്‍പ്പെടെ ഒന്‍പതു പേരാണ്‌ മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :