സ്ഫോടനങ്ങളും രക്തച്ചൊരിച്ചിലും; പാക് വോട്ടെടുപ്പിനിടെ 13 മരണം

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
താലിബാന്‍ ഭീഷണിയ്ക്കിടെ പാക് പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കവേ സ്ഫോടനങ്ങള്‍‍. കറാച്ചിയിലാണ് ഇരട്ടസ്ഫോടനം ഉണ്ടായത്. 13 പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാനാണ് സാധ്യത. കറാച്ചിയിലെ അവാമി നാഷണല്‍ പാര്‍ട്ടി ഓഫിസിന് സമീപമാണ് സ്ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. മൂന്നാമത് ഒരു സ്ഫോടനം കൂടി ഉണ്ടായതായും വിവരമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിക്കിടെ പാകിസ്ഥാനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ചാവേറുകളെ ഇറക്കുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.

ജനാധിപത്യ ഭരണം അനുവദിക്കില്ലെന്ന താലിബാന്റെ ഭീഷണിയ്ക്കിടെ പാകിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും വ്യാപകമാകുന്നതിനിടെയാണ് രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ പിഎംഎല്‍എന്നിനു വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്‌ ഇന്‍സാഫ്‌ പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്.

നാഷണല്‍ അസംബ്ലിയിലെ 342 സീറ്റുകളില്‍ 272 എണ്ണത്തിലാണു തെരഞ്ഞെടുപ്പു നടക്കുന്നത്‌. സ്‌ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 70 സീറ്റുകളുണ്ട്. 4670 സ്‌ഥാനാര്‍ഥികളാണ്‌ പാര്‍ലമെന്റിലേക്കു മത്സരിക്കുന്നത്. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്‌ തിരിച്ചെത്തിയ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫ്, ബേനസീര്‍ വധക്കേസിലടക്കം അറസ്‌റ്റിലാവുകയും മത്സരിക്കുന്നതില്‍നിന്നു വിലക്കപ്പെടുകയും ചെയ്തിരുന്നു.

താലിബാന്റെ ഭീഷണി മൂലം ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി, അവാമി നാഷണല്‍ പാര്‍ട്ടി, മുതാഹിദ ക്വാമി മൂവ്‌മെന്റ്‌ എന്നീ പാര്‍ട്ടികള്‍ക്ക് പ്രചാരണം അസാധ്യമായി. പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോയ്ക്ക് ഒരു പ്രചാരണവേദിയില്‍ പോലും എത്താനായില്ല. അജ്‌ഞാതര്‍ തട്ടിക്കൊണ്ടുപോയ പിപിപി സ്‌ഥാനാര്‍ഥി അലി ഹൈദറിനെപ്പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല. അലി ഹൈദര്‍ മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയുടെ പുത്രനാണ്‌.

ഷെരീഫിന്റെ പിഎംഎല്‍-എന്‍, മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്‌ ഇന്‍സാഫ്‌ പാര്‍ട്ടികള്‍ക്കു മാത്രമേ പൂര്‍ണതോതിലുള്ള പ്രചാരണത്തിന്‌ അവസരമുണ്ടായുള്ളൂ. ദേശീയ, മതാധിഷ്‌ഠിത, വലതുപക്ഷ പാര്‍ട്ടികളെ കോര്‍ത്തിണക്കാനായാല്‍ നവാസ്‌ ഷെരീഫിന്‌ മൂന്നാമതും പ്രധാനമന്ത്രിക്കസേരയില്‍ എത്താനായേക്കും. 147 മണ്ഡലങ്ങളുള്ള പഞ്ചാബ്‌ പ്രവിശ്യയില്‍ ഇമ്രാന്റെ പാര്‍ട്ടി കരുത്തുകാട്ടുമെന്നാണു പ്രതീക്ഷ. പ്രചാരണത്തിനിടെ പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന ഇമ്രാന്‌ സഹതാപ വോട്ടുകളും കിട്ടിയേക്കാം.

തെരഞ്ഞെടുപ്പു പ്രചരണ പരിപാടികള്‍ക്കിടയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ രണ്ടു സ്‌ഥാനാര്‍ഥികളടക്കം നൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :