സരബ്ജിത് സിംഗിനെ ലാഹോര്‍ കോട് ലഖ്പത് ജയിലില്‍ ആക്രമിച്ചത് കൊല്ലാന്‍ തന്നെയായിരുന്നു എന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അമീര്‍ അഫ്താബ്, മുദാസര്‍ എന്നീ പ്രതികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകശ്രമത്തിനാണ് കേസ്. ജയില്‍ ഡിഐജിയോടാണ് പ്രതികള്‍ കുറ്റംസമ്മതിച്ചത്.
ആക്രമിക്കുന്നതിനായി ജയിലില്‍ നെയ്യ് കൊണ്ടുവന്ന ടിന്നുകളുടെ ഭാഗങ്ങള്‍ ശേഖരിച്ച് ബ്ലേഡുപോലെയാക്കി. സ്പൂണുകള്‍ രാകി കത്തി പോലെ മൂര്‍ച്ച വരുത്തി. ഇഷ്ടികകളും പാത്രങ്ങളും ശേഖരിച്ചു. ഇവ ഉപയോഗിച്ചായിരുന്നു ആക്രമണം. സരബ്ജിതിന് പ്രത്യേക സുരക്ഷ നല്കിയിരുന്നതിനാല് ആക്രമിക്കാന്‍ അവസരം കാത്ത് നടക്കുകയായിരുന്നു തങ്ങള്‍ എന്നും പ്രതികള്‍ പറഞ്ഞു.
എന്നാല്‍ ആരെങ്കിലും ഇതിന് പ്രേരിപ്പിച്ചതാണോ എന്ന് പ്രതികള്‍ വ്യക്തമാക്കിയില്ല. നിരവധി പാകിസ്ഥാനികളുടെ ജീവന് പൊലിഞ്ഞ ലാഹോര്‍ ബോംബ് സ്ഫോടക്കേസില്‍ ആണ് സരബ്ജിത് ശിക്ഷിക്കപ്പെട്ടത്. ഇതിന് പ്രതികാരം ചെയ്യുകയായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നും പ്രതികള്‍ പറയുന്നുണ്ട്. ആക്രമണത്തില്‍ തലയ്ക്ക് അതീവഗുരുതരമായി പരുക്കേറ്റ സരബ്ജിത് കോമയിലാണ്.