സൊമാലിയയില്‍ രണ്ടു വര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 2,60,000 പേര്‍ക്കെന്ന് യുഎന്‍

മൊഗാദിഷു: | WEBDUNIA|
PRO
PRO
രണ്ടു വര്‍ഷത്തിനിടെ സൊമാലിയയില്‍ ഉണ്ടായ ക്ഷാമത്തില്‍ മരിച്ചത് രണ്ടു ലക്ഷത്തിഅറുപതിനായിരം പേരെന്ന് യുഎന്‍ പഠനറിപ്പോര്‍ട്ട്. മരിച്ചവരില്‍ പകുതിയും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ്. യുഎന്‍-സംയുക്ത ഏജന്‍സികളാണ് പഠനം നടത്തിയത്.

സൊമാലിയയില്‍ 1992-ലുണ്ടായ ക്ഷാമത്തില്‍ ഇവിടെ 2,20,00പേര്‍ മരിച്ചിരുന്നു. 2010 ഒക്ടോബര്‍ മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ പട്ടിണിമൂലം 2,58,000 പേര്‍ മരിച്ചു. ഇതില്‍ 1,33,000 പേര്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2011-ല്‍ സൊമാലിയയിലെ ചില പ്രദേശങ്ങളില്‍ ക്ഷാമമുള്ളതായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവിടെ പ്രാദേശികഭരണം നടത്തുന്ന ചില ഇസ്ലാമികസംഘടനകള്‍ ഇത് നിഷേധിക്കുകയും വിദേശസഹായം സ്വീകരിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ക്ഷാമം പിന്നീട് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

തെക്കന്‍, മധ്യ സൊമാലിയയിലെ ആകെ ജനസംഖ്യയുടെ 4.6 ശതമാനവും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ പത്തുശതമാനവും ക്ഷാമത്തില്‍ മരിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മരിച്ചവരില്‍ ഷാബെല്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ 18 ശതമാനവും മൊഗാദിഷുവിലെ 17 ശതമാനവും അഞ്ചുവയസ്സിനു താഴെയുള്ളവരാണ്. ഒരുകോടി മുപ്പത് ലക്ഷം പേര്‍ ക്ഷാമത്തിന്റെ ദുരിതമനുഭവിക്കുന്നുണ്ട്. 10,000 പേരില്‍ ദിവസേന രണ്ടുപേര്‍ പട്ടിണി മൂലം മരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :