അമേരിക്കയില്‍ നിന്ന് ഒരു അച്ചായന്‍, അടിച്ചുപൊളിക്കാന്‍ ജയറാം!

WEBDUNIA|
PRO
മലയാളത്തിലെ ഏറ്റവും തിരക്കേറിയ തിരക്കഥാകൃത്തായിരുന്നു ഒരുകാലത്ത് കലൂര്‍ ഡെന്നിസ്. നൂറിലധികം സിനിമകള്‍ക്ക് വേണ്ടി തിരക്കഥ രചിച്ച വ്യക്തി. കലൂരാന്‍ എന്ന് സ്നേഹിതര്‍ വിളിക്കുന്ന കലൂര്‍ ഡെന്നിസ് ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കാണ് കലൂര്‍ ഡെന്നിസ് തിരക്കഥ രചിക്കുന്നത്. ജയറാം ആണ് ചിത്രത്തിലെ നായകന്‍.

“അമേരിക്കയില്‍ നിന്ന് വരുന്ന ഒരു അച്ചായനായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാള്‍ ഇവിടെ വന്ന് നാല് യുവാക്കള്‍ക്കൊപ്പം കൂടുന്നു. അവര്‍ ഒരുമിച്ച് ഒരു വലിയ കേസില്‍ പെടുന്നു. ന്യൂ ജനറേഷന്‍ കഥയൊന്നുമല്ല. ഒരു നല്ല സിനിമയാണ് ലക്‍ഷ്യം” - കലൂര്‍ ഡെന്നിസ് പറയുന്നു.

“എന്താണ് ന്യൂ ജനറേഷന്‍? പത്മരാജനും ഭരതനും വന്നതുപോലെ ഒരു ന്യൂ ജനറേഷന്‍ പിന്നീട് വന്നിട്ടുണ്ടോ? ഇപ്പോള്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു സിനിമ പോലും ഒരു വിദേശ ചിത്രത്തിന്‍റെ അനുകരണമല്ലേ? ഇപ്പോള്‍ വിദേശ സിനിമകളുടെ കോപ്പികളാണ് അധികവും. പണ്ട് അങ്ങനെയായിരുന്നില്ല. ന്യൂ ജനറേഷന്‍ എന്ന പ്രയോഗത്തിലൊന്നും കാര്യമില്ല. നല്ല സിനിമയും ചീത്ത സിനിമയുമേയുള്ളൂ” - കലൂര്‍ ഡെന്നിസ് പറയുന്നു.

ജയരാജിന് വേണ്ടി ഒരു സിനിമയും കലൂര്‍ ഡെന്നിസ് ആലോചിക്കുന്നുണ്ട്. അഞ്ച് ചെറുപ്പക്കാരുടെ കഥയാണത്. ഒരു മ്യൂസിക് ബാന്‍ഡിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം.

വാല്‍ക്കഷണം: ജോഷിയും കലൂര്‍ ഡെന്നിസും ഒരുമിക്കുന്നത് ഇത് ആദ്യമല്ല. എണ്‍പതുകളില്‍ 14 സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘ജനുവരി ഒരോര്‍മ്മ’ ആയിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്‍ ചെയ്ത സിനിമ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :