ശ്രീലങ്ക തമിഴരോട് ക്രൂരതകാട്ടി: റിപ്പോര്‍ട്ട്

ജനീവ| WEBDUNIA|
PRO
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഐക്യ രാഷ്ട്രസഭയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. എല്‍ ടി ടി ഇ യും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മില്‍ 25 വര്‍ഷം നീണ്ട് നിന്ന യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്‌ വംശജരോട് ക്രൂതരത കാട്ടി എന്ന രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.

എല്‍ ടി ടി ഇ യുമാ‍യുള്ള ആഭ്യന്തരയുദ്ധത്തിനിടയില്‍ പിടിയിലായി ജയിലില്‍ കഴിയേണ്ടിവന്ന എല്‍ ടി ടി ഇ പോരാളികളായ പുരുഷന്‍മാരെ ജയിലില്‍ വെച്ച് തലയ്ക്ക്‌വെടിവെച്ച് കൊല്ലുകയും സ്ത്രീകളെ ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2009ല്‍ യുദ്ധത്തിന്റെ അവസാനമാസങ്ങളില്‍ ശ്രീങ്കന്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം പതിനായിരത്തിലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കയിലെ 330,000വരുന്ന സാധാരണ ജനങ്ങളെ എല്‍ ടി ടി ഇ യുദ്ധത്തില്‍ പ്രതിരോധ കവചങ്ങളായി ഉപയോഗിച്ചിരുന്നു. ഇതില്‍ രക്ഷപെടാന്‍ ശ്രമിച്ചവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എത്തിച്ചിരുന്ന സഹായങ്ങള്‍ അടങ്ങിയ കപ്പലുകളും ആശുപത്രികളും സര്‍ക്കാര്‍ മന:പുര്‍വം വെടിവെച്ചും ബോംബിട്ടും തകര്‍ത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം യു.എന്‍ നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീങ്കന്‍ സര്‍ക്കാറും എല്‍ ടി ടി ഇ യും മനുഷ്യാവകാശ ലംഘനവും യുദ്ധകുറ്റവും നടത്തിയതിനെതിരെ കുറ്റം ചുമത്താവുന്നതാണെന്ന് യു എന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :