ലിബിയയില്‍ വാര്‍ത്താ സംഘത്തിന് മര്‍ദ്ദനം

ലണ്ടന്‍| WEBDUNIA|
PRO
ഗദ്ദാഫിയുടെ സെന്യവും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന ലിബിയയില്‍ ബിബിസിയുടെ വാര്‍ത്താ ലേഖകര്‍ക്ക് കണ്ണുകെട്ടി മര്‍ദ്ദനവും തടവും. തിങ്കളാഴ്ച കലാപ കലുഷിതമായ അസ് സാവിയ നഗരത്തില്‍ വച്ചാണ് വാര്‍ത്താസംഘത്തെ സൈനികര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

വാര്‍ത്താസംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ ചാരന്‍‌മാരെന്ന് വിളിച്ചാണ് സൈനികര്‍ ആക്രമിച്ചത്. കണ്ണുകെട്ടിയ ശേഷം കാല്‍മുട്ടുകൊണ്ടും കൈകൊണ്ടും തോക്കിന്റെ പാത്തികൊണ്ടും ആക്രമിച്ച സൈനികര്‍ തങ്ങളെ 21 മണിക്കൂര്‍ തടവിലിട്ടെന്നും വാര്‍ത്താലേഖകര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, പിതാവ് ഗദ്ദാഫിക്ക് പൂര്‍ണ പിന്തുണയുമായി മകന്‍ സെയ്ഫ് അല്‍-ഇസ്‌ലാം രംഗത്ത് എത്തി. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് സര്‍ക്കാരിന്റെ സൈന്യം ഉടന്‍ എത്തുമെന്ന് പറഞ്ഞ സെയ്ഫ് സര്‍ക്കാരിനായിരിക്കും അന്തിമ വിജയമെന്നും ഉറപ്പിച്ച് പറഞ്ഞു.

സ്വന്തം രാജ്യമാണെന്നും ഒരിക്കലും നാടുവിടാന്‍ ഒരുങ്ങില്ല എന്നും സെയ്ഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ ശക്തികളെ ഭയക്കുന്നില്ല എന്നും ഭീകരര്‍ക്ക് ഒരിക്കലും കീഴടങ്ങില്ല എന്നും സെയ്ഫ് വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :