ശ്രീലങ്കയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജലജന്യ രോഗങ്ങള്‍ മൂലം ആഴ്ചയില്‍ 1400 പേര് വീതം മരിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ് പുലികളും ലങ്കന്‍ സര്‍ക്കാരും തമ്മില്‍ നടന്ന രൂക്ഷ യുദ്ധത്തെ തുടര്‍ന്ന് വടക്കന്‍ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത ആളുകളാണ് ക്യാമ്പിലുള്ളത്. ഛര്‍ദിയും അതിസാരവും മൂലം ക്യാമ്പിലുള്ളവര്‍ ദുരിതമനുഭവിക്കുകയാണെന്നും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ക്യാമ്പിലുള്ളവരെ ശരിയായ തോതില്‍ സംരക്ഷിക്കുന്നതില്‍ ലങ്കന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ് വടങ്കന് ശ്രീലങ്കയില്‍ വിവിധ ക്യാമ്പുകളിലായുള്ളത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്നവരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.
റെഡ്ക്രോസ് പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ വൈദ്യ സഹായം നല്‍കുന്നുണ്ട്. ബാട്ടിക്കലോവയില്‍ നിന്നും വടക്ക് - കിഴക്കന്‍ ഭാഗത്തെ സംഘര്‍ഷ മേഖലയില്‍ നിന്നും രോഗം ബാധിച്ച 30000 പേരെ കടല്‍ വഴി മാറ്റിപ്പാര്‍പ്പിച്ചതായും ഇവര്‍ക്ക് വൈദ്യ സഹായം നല്‍കിവരികയാണെന്നും രണ്ട് റെഡ്ക്രോസ് പ്രവര്‍ത്തകര്‍ അറിയിച്ചു.