ശ്രീലങ്കയുടെ വടക്കന്‍ മേഖലയിലിള്ള സിവിലിയന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കുമെങ്കില്‍ എല്‍ടിടിഇയുമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. യുഎന്നിലെ സ്ഥിരം പ്രതിനിധി പലിഹക്കരയാണ് വിമതരുമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറാണെന്ന് അറിയിച്ചത്.
നേരത്തെ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സിവിലിയന്മാര്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നതിനാണ് സര്‍ക്കാര്‍ അന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എല്‍ടിടിഇ സിവിലിയന്മാരെ രക്ഷപ്പെടുത്താന്‍ അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമതര്‍ സിവിലയന്മാരെ മനുഷ്യ പ്രതിരോധത്തിന് ഉപയോഗിക്കുകയാണ്. പുലികള്‍ ജനങ്ങളെ രക്ഷപ്പെടാനനുവദിക്കുമെന്നാണ് കരുതുന്നത്. യുദ്ധത്തില്‍ ജനങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പലിഹക്കര അറിയിച്ചു.
പുലികള്‍ക്കെതിരെ വലിയ ആയുധങ്ങള്‍ സൈന്യം ഉപയോഗിക്കുന്നില്ല. എന്നാല്‍ വിമതര്‍ വെടിനിര്‍ത്തല്‍ മേഖലയില്‍ നിന്നും സൈന്യത്തിന് നേരെ ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വണ്ണി മേഖലയില്‍ ഒരു ലക്ഷത്തില്‍പരം സാധാരണക്കാര്‍ കുടുങ്ങിയതായാണ് യു എന്‍ മനുഷ്യാവകാശ വിഭാഗം വിലയിരുത്തുന്നത്.