ഹവാന|
WEBDUNIA|
Last Modified ശനി, 17 ജൂലൈ 2010 (11:52 IST)
യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനു മേല്‍ ഉപരോധം അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ ലോകം ഒരു ആണവ യുദ്ധത്തിന് സാക്‍ഷ്യം വഹിക്കേണ്ടിവരുമെന്ന് ഫിഡല്‍ കാസ്ട്രോയുടെ മുന്നറിയിപ്പ്. പത്തു ദിവസത്തിനിടെ അഞ്ചാം തവണ പൊതുവെദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് കാട്സ്രോ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയത്.
യുഎസ് വടക്കന്‍ കൊറിയയെയും ആക്രമിക്കുമെന്ന് കാസ്ട്രോ മുന്നറിയിപ്പ് നല്‍കി. ആകാശത്തേക്ക് വിരല്‍ ചൂണ്ടി തന്റെ പഴയ ശൈലിയിലായിരുന്നു കാസ്ട്രോ അംബാസഡര്‍മാരുടെ യോഗത്തില്‍ പ്രസംഗം നടത്തിയത്.
മധ്യപൂര്‍വേഷ്യയില്‍ യുഎസ് എന്തു തീരുമാനമെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ്. അവിടെ നിലനില്‍ക്കാനോ വെളിയില്‍ പോവാനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഈ അവസ്ഥ നയതന്ത്രത്തിലൂടെ മറികടക്കാനാവാതെ ആയുധമെടുക്കേണ്ടി വരുമെന്നും കാസ്ട്രോ പറഞ്ഞു.
എണ്‍പത്തിമൂന്ന് കാരനായ കാസ്ട്രോ ഒരു മണിക്കൂറിലധികം സംസാരിച്ചു. തന്റെ അസുഖം ഭാഗികമായി ഭേദപ്പെട്ടു എന്നും കാസ്ട്രോ പറഞ്ഞു.
കുടല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 2006 ല്‍ ആണ് കാസ്ട്രോ അധികാരം ഒഴിഞ്ഞത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനായ റൌള്‍ കാസ്ട്രോ ആണ് ഇപ്പോള്‍ ക്യൂബയുടെ പ്രസിഡന്റ്.