പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയെ ലക്‍ഷ്യമിട്ട് ഇനിയുമൊരു ഭീകരാക്രമണമുണ്ടായാല്‍ ഇരു രാജ്യങ്ങളും വീണ്ടുമൊരു യുദ്ധത്തില്‍ ഏര്‍പ്പെട്ടേക്കാമെന്ന് ബുഷ് ഭരണകാലത്തെ ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനും സെക്രട്ടറിതല ചര്‍ച്ച നടത്തിയെങ്കിലും വഴിത്തിരിവ് ഒന്നും ഉണ്ടായില്ല എന്നും ബുഷ് ഭരണകാലത്തെ ദക്ഷിണേഷ്യന്‍ ഉപസെക്രട്ടറി ഇവാന്‍ എ ഫീജന്‍ബോം അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും ഇനിയുമൊരു യുദ്ധത്തില്‍ ഏര്‍പ്പെട്ടേക്കാം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രതികരണം നടത്താന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഏറിയിരുന്നു. ഇനിയുമൊരു ആക്രമണമുണ്ടായാല്‍ ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദ്ദം അധികരിക്കും, ഇവാന്‍ പറയുന്നു.
അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്റെ ബ്ലോഗിലാണ് ഇന്ത്യ-പാക് യുദ്ധമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കുന്നത്. പൂനെ സ്ഫോടനത്തില്‍ പാകിസ്ഥാനെ പഴിചാരാതിരിക്കാന്‍ ഇന്ത്യ ബോധപൂര്‍വം ശ്രമിച്ചു. എന്നാല്‍, ഇനിയൊരു ആക്രമണമുണ്ടായാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അധികരിക്കും.
മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിലാണ് യുഎസ് താല്പര്യപ്പെടുന്നത്. എന്നാല്‍, യുഎസ് ഇന്തോ-പാക് പ്രശ്നത്തില്‍ കക്ഷിയല്ല. പാകിസ്ഥാന്‍ യുഎസിന്റെ മാധ്യസ്ഥം ആവശ്യപ്പെടുന്നു എങ്കിലും ഇന്ത്യ അതിനെ എപ്പോഴും ശക്തിയുക്തം എതിര്‍ക്കുകയാണെന്നും ഇവാന്‍ തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.