ഫൊന്‍സേകയെ തൂക്കിലേറ്റുമെന്ന് പ്രതിരോധവകുപ്പ്

കൊളംബോ| WEBDUNIA| Last Modified തിങ്കള്‍, 7 ജൂണ്‍ 2010 (18:10 IST)
PRO
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇനിയും യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാല്‍ മുന്‍ സൈനിക മേധാവിയും പാര്‍ലമെന്‍റംഗവുമായ ശരത് ഫൊന്‍സേകയെ തൂക്കിലേറ്റുമെന്ന് ലങ്കന്‍ പ്രതിരോധ വകുപ്പിന്‍റെ ഭീഷണി. പ്രതിരോധവകുപ്പ് സെക്രട്ടറി ഗോതബായ രജപക്സയാണ് ഈ ഭീഷണിയുമായി രംഗത്തെത്തിയത്.

തമിഴ്പുലികളുമായുള്ള യുദ്ധത്തിന്‍റെ അന്തിമ ഘട്ടത്തില്‍ കിഴടങ്ങിയവരെ വെടിവെച്ചുകൊല്ലാന്‍ ഗോതബായ ഉത്തരവിട്ടിരുന്നതായി ഫൊന്‍സേക വെളിപ്പെടുത്തിയിരുന്നു. ഇതിന് ദൃക്‌സാക്ഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗോതബായയുടെ ഭീഷണി.

തമിഴ്പുലികളുമായുള്ള യുദ്ധസമയത്തെ ലങ്കന്‍ സര്‍ക്കാരിന്‍റെ ചെയ്തികള്‍ ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും തനിക്കൊന്നും ഒളിക്കാനില്ലെന്നും ഫൊന്‍സേക തുറന്നടിച്ചിരുന്നു. എന്നാല്‍ ഫൊന്‍സേകയുടെ ആരോപണം തെറ്റാണെന്നും കളവാണെന്നും രാജ്യദ്രോഹമാണെന്നും ആയിരുന്നു ഗോതബായ രജപക്സയുടെ രോഷത്തോടെയുള്ള പ്രതികരണം. ഫൊന്‍സെകയ്ക്ക് എങ്ങനെ രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തോന്നുന്നെന്നും ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ അദ്ദേഹത്തിന് തൂക്കുമരം തന്നെ വിധിക്കണമെന്നും ഗോതബായ പറഞ്ഞു.

തമിഴ്പുലികളുമായുള്ള യുദ്ധത്തിന് ശേഷം പ്രസിഡന്‍റ് മഹീന്ദ രജപക്സെയുമായി തെറ്റിപ്പിരിഞ്ഞ ഫൊന്‍സെക കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തു നിന്ന് രജപക്സെയ്ക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൈനിക യൂണിഫോം രാഷ്ട്രീയ ലാഭത്തിനായി വിനിയോഗിച്ചെന്നും അഴിമതി നടത്തിയെന്നും ആരോപിച്ച് ഫൊന്‍സേകയെ രജപക്സ സര്‍ക്കാര്‍ തടവിലാക്കിയത്. പിന്നീട് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :