നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പാകിസ്ഥാനില്‍ തിരികെയെത്തിയ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അറസ്റ്റില്‍. ഇസ്ലാമാബാദിലെ ഫാംഹൌസില്‍ നിന്നാണ് വെള്ളിയാഴ്ച അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹം കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അദ്ദേഹത്തെ ഫാംഹൌസില്‍ തിരികെയെത്തിച്ചു. ഫാംഹൌസ് ജയില്‍ ആയി പ്രവര്‍ത്തിച്ച് രണ്ട് ദിവസം അദ്ദേഹത്തെ ഇവിടെ പാര്‍പ്പിക്കും. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും അദ്ദേഹത്തെ ജയിലിലേക്ക് മാറ്റണോ എന്ന കാര്യം തീരുമാനിക്കുക. തീവ്രവാദക്കുറ്റവും ദേശതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കുറ്റവുമാണ് മുഷറഫിന് മേല്‍ ചുമത്തിയിരിക്കുന്നത്.
മുഷറഫിന്റെ ജാമ്യം റദ്ദാക്കിയ ഇസ്ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജഡ്ജിമാരെ തടവിലാക്കിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. ഇതോടെ അദ്ദേഹം തന്റെ ഫാംസൌസിലേക്ക് മുങ്ങുകയായിരുന്നു. അവിടെ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തിന്റെ ഫാംഹൌസ് പൊലീസ് വളഞ്ഞിരുന്നു. ജാമ്യം റദ്ദാക്കിയതിനെതിരെ മുഷറഫിന് കഴിഞ്ഞ ദിവസം പാക് സുപ്രീംകോടതിയെ സമീപിക്കാനുമായില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിക്കും എന്നാണ് സൂചന. മുഷറഫിന്റെ ഭാവി സുപ്രീംകോടതി വിധിയെ ആശ്രയിച്ചിരിക്കും.
2007 മാര്‍ച്ചില്‍ ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് മുന്‍ പട്ടാള മേധാവി കൂടിയായ മുഷറഫിന്റെ ജാമ്യം റദ്ദാക്കിയത്. പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷറഫ് കോടതികളെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താനും ശ്രമിച്ചിരുന്നു. ഇത് അനുസരിക്കാത്ത ജഡ്ജിമാരെയാണ് അദ്ദേഹം തടങ്കലിലാക്കിയത്.
മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അദ്ദേഹം കോടതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ അപ്പോള്‍ അറസ്റ്റ് ചെയ്തില്ല. മുഷറഫ് ഉടന്‍ തന്നെ തന്റെ സുരക്ഷാ ഗാര്‍ഡിനൊപ്പം സ്ഥലം വിടുകയായിരുന്നു.
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാം എന്ന മോഹവുമായി പാകിസ്ഥാനിലെത്തിയ മുഷറഫിന്റെ നാല് നാമനിര്‍ദ്ദേശ പത്രികകളും പ്രത്യേക ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2007-ല്‍ ഭരണാധികാരിയായിരുന്നപ്പോള്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് കാണിച്ചാണ് പത്രിക തള്ളിയത്. മുഷറഫിനെതിരായ രാജ്യദ്രോഹക്കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് പാക് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാകിസ്ഥാനിലെത്തിയ മുഷറഫിനെ കാത്തിരുന്നത് തിരിച്ചടികളുടെ പരമ്പരയായിരുന്നു. ബേനസീര്‍ ഭൂട്ടോ വധം ഉള്‍പ്പെടെ നിരവധി കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട മുഷറഫിന് കോടതി ജാമ്യം അനുവദിച്ചതു കൊണ്ടാണ് അദ്ദേഹം പാകിസ്ഥാനിലേയ്ക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചത്. മുഷറഫ് പാകിസ്ഥാനില്‍ എത്തിയാല്‍ വധിക്കുമെന്ന് പാക് താലിബാന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
നാല് വര്‍ഷത്തിലേറെ ലണ്ടനിലും ദുബായിലുമായി പ്രവാസജീവിതം നയിച്ച ശേഷമാണ് മുഷറഫ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. താന്‍ തിരിച്ച് പാകിസ്ഥാനിലെത്തിയത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും പാകിസ്ഥാനെ ശുദ്ധീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരെയും ഭയമില്ല, ബേനസീര്‍ ഭൂട്ടോയുടെ മരണത്തില്‍ തനിക്കു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.