മുഷറഫിന് നേരെ കോടതിയില്‍ ചെരുപ്പേറ്

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫിന് നേരെ ചെരുപ്പേറ്. സിന്ധ് ഹൈക്കോടതിയ്ക്ക് മുന്നിലാണ് സംഭവം. വിവിധ കേസുകളില്‍ ജാമ്യ കാലാവധി നീട്ടി ലഭിക്കാനാണ് മുഷറഫ് വെള്ളിയാഴ്ച കോടതിയിലെത്തിയത്. അദ്ദേഹത്തിന് കോടതി 15 ദിവസത്തേക്ക് ജാമ്യ കാലാവധി നീട്ടി നല്‍കി. 2007ല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള കേസുകളിലാണ് ജാമ്യം.

നാല് വര്‍ഷത്തിലേറെ ലണ്ടനിലും ദുബായിലുമായി പ്രവാസജീവിതം നയിച്ച മുഷാറഫ് കഴിഞ്ഞ ഞായറാഴ്ചയാണ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. മുഷറഫ് എത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് സിന്ധ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് നീട്ടാനാണ് അദ്ദേഹം കോടതിയില്‍ നേരിട്ടെത്തിയത്.

രാജ്യത്തിന്‍റെ താല്‍പ്പര്യപ്രകാരമാണ് താന്‍ പാകിസ്ഥാനില്‍ തിരിച്ചെത്തിയതെന്ന് മുഷാറഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാനെ ശുദ്ധീകരിക്കുക എന്നതാണ് ലക്‍ഷ്യം. ആരെയും ഭയക്കുന്നില്ല. ബേംനസീര്‍ ഭൂട്ടോയുടെ മരണത്തില്‍ തനിക്കു പങ്കില്ലെന്നും മുഷാറഫ് അറിയിച്ചു.
മുഷാറഫിന്റെ തിരിച്ചുവരവിനെതിരേ താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മുഷറഫിനെ നരകത്തില്‍ അയയ്ക്കുമെന്നാണ് താലിബാന്റെ ഭീഷണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :