മയക്കുമരുന്ന് കടത്തിലെ 'ഇതിഹാസം' എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ജാക്വിന്‍ എല്‍ ചപ്പോ ഗുസ്മന്‍ മെക്‌സിക്കോയില്‍ അറസ്റ്റില്‍. അമേരിക്കയുടെ പിന്തുണയോടെ 13 വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കും തിരച്ചിലിനും ഒടുവിലാണ് മെക്‌സിക്കന്‍ നാവികര്‍ ഇയാളെ പിടികൂടിയത്. ശാന്ത സമുദ്രതീരത്തെ സിനാലോവയിലുള്ള വാടകവീട്ടില്‍ നിന്നാണ് 56- കാരനായ ഗുസ്മനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ (31 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
മയക്കുമരുന്ന് കടത്തിന് തടവിലായിരുന്ന ഗുസ്മന്‍ 2001-ല്‍ കര്‍ശന സുരക്ഷയെ വെട്ടിച്ചാണ് മെക്‌സിക്കോയിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ഇതോടെ മെക്‌സിക്കോയില്‍ ഗുസ്മന് വീര പരിവേഷം ലഭിച്ചു. ഇയാളെ സ്തുതിച്ച് ബാന്‍ഡ് സംഘങ്ങള്‍ ഹിറ്റ് ഗാനങ്ങള്‍ ഇറക്കി. പസഫിക് തീരത്തും യൂറോപ്പിലും ഏഷ്യയിലും 'സിനാലാവോ കാര്‍ട്ടല്‍' എന്ന മയക്കുമരുന്ന് ശൃംഖല വ്യാപിച്ചു. ഇവരും മറ്റ് മയക്കുമരുന്ന് സംഘങ്ങളും തമ്മിലുള്ള സംഘര്‍ഷവും മെക്‌സിക്കോ ഭരണകൂടത്തിന് നിരന്തര തലവേദനയായി.
ഫോബ്‌സ് മാസികയുടെ ലോകത്തിലെ ഏറ്റവും കരുത്തരായ വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഗുസ്മന്‍ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിരുന്നു. ഉയരം കുറവായ ഗുസ്മന്‍ 'ഷോര്‍ട്ടി' (കുള്ളന്‍) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഏറെക്കാലത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ യുഎസ്.-മെക്‌സിക്കോ സംയുക്ത ദൗത്യസംഘം ഗുസ്മനോട് അടുപ്പം പുലര്‍ത്തുന്ന 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാഴ്ച മുന്‍പ് ഗുസ്മന്‍ മാറിമാറി താമസിച്ചിരുന്ന സിനാലോവയിലെ ഏഴ് വീടുകള്‍ അന്വേഷണസംഘം മനസ്സിലാക്കി. ഫിബ്രവരി 13-ന് അന്വേഷണ സംഘം ഇവിടെയെത്തിയെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാള്‍ നിരന്തരം രക്ഷപ്പെട്ടു. അഴുക്കുചാലുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക ടണലിലൂടെ ആയിരുന്നു ഗുസ്മന്‍ സംഘത്തെ വെട്ടിച്ചത്. പ്രത്യേക ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഇയാളുടെ നീക്കം കൃത്യമായി മനസ്സിലാക്കിയ സംഘം ഞായറാഴ്ച വെളുപ്പിന് അറസ്റ്റ് ചെയ്യുകയായിരുന്നു.