ഭൂമി ഒന്നല്ല, മൂന്ന്!

ആംസ്റ്റര്‍ഡാം| WEBDUNIA|
PRO
PRO
ഭൂമിയെന്ന ഒരു ഗ്രഹമേ പ്രപഞ്ചത്തിലുള്ളൂ എന്നു വിശ്വസിക്കുന്നവര്‍ അതു മാറ്റിക്കൊള്ളുക. കാരണം ഭൂമി പോലെ മൂന്ന് ഗ്രഹങ്ങള്‍ക്ക് കൂടിയുള്ളതായാണ് പുതിയ കണ്ടെത്തല്‍. ശാസ്ത്രലോകം ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ മൂന്ന് അന്യഗ്രഹങ്ങളെ നാസയുടെ കെപ്ലെര്‍ ദൗത്യം വഴിയാണ് കണ്ടെത്തിയത്. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളും മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതുമാണ് ഇവരെ ശാസ്ത്രലോകം ശ്രദ്ധിക്കാന്‍ കാരണം

കെപ്ലെര്‍ ബഹിരാകാശ ടെലിസ്‌കോപ്പ് പകര്‍ത്തിയ വിവരങ്ങള്‍ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം വിശകലനം ചെയ്തപ്പോഴാണ് ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ള മൂന്ന് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. രണ്ട് വ്യത്യസ്ത ഗ്രഹസംവിധാനങ്ങളിലാണ് അവ സ്ഥിതിചെയ്യുന്നത്.

ഭൂമിയില്‍നിന്ന് 1200 പ്രകാശവര്‍ഷമകലെയുള്ള കെപ്ലെര്‍-62 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാണ്, പുതിയതായി കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ രണ്ടെണ്ണം. സൂര്യനെക്കാള്‍ അല്‍പ്പം ചെറും തണുത്തതുമാണ് കെപ്ലെര്‍- 62. അഞ്ച് ഗ്രഹങ്ങള്‍ അതിനെ ചുറ്റുന്നുണ്ട്. അതില്‍ 'കെപ്ലെര്‍-62ഇ', 'കെപ്ലെര്‍-62എഫ്' എന്നിവയാണ് ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍. ഈ ഗ്രഹങ്ങളില്‍ ഭൂമിയിലെപോലെ വെള്ളവും മഞ്ഞുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

ഭൂമിയെ അപേക്ഷിച്ച് 60 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹമാണ് കെപ്ലെര്‍-62ഇ. മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റാന്‍ അതിന് 122.4 ഭൗമദിനങ്ങള്‍ വേണം. കെപ്ലെര്‍- 62എഫിന് ഭൂമിയെ അപേക്ഷിച്ച് 40 ശതമാനം വലിപ്പക്കൂടുതലുണ്ട്. അതിന്റെ പരിക്രമണകാലം 267.3 ഭൗമദിനങ്ങളാണ്.

കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ അന്യഗ്രഹം എന്ന പദവി ഇതുവരെ 'കെപ്ലെര്‍-22ബി'ക്ക് ആയിരുന്നു. അതിന് ഭൂമിയുടെ വ്യാസത്തിന്റെ 2.4 മടങ്ങ് വലിപ്പമാണ് ഉള്ളത്.

സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ സ്ഥിതിചെയ്യുന്ന 'കെപ്ലെര്‍-69സി' ആണ് പുതിയതായി കണ്ടെത്തിയ മൂന്നാമത്തെ അന്യഗ്രഹം. അതിന് ഭൂമിയെ അപേക്ഷിച്ച് 70 ശതമാനം വലിപ്പക്കൂടുതലുണ്ട്. 242 ഭൗമദിനങ്ങള്‍ കൊണ്ടാണ് അത് മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റുന്നതെന്ന് കണക്കാക്കുന്നു.

സൗരയൂഥത്തിന് വെളിയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 ല്‍ വിക്ഷേപിച്ച ടെലിസ്‌കോപ്പാണ് കെപ്ലെര്‍. ആകാശഗംഗയില്‍ 450 ലക്ഷം നക്ഷത്രങ്ങളടങ്ങിയ ഒരു പ്രദേശമാണ് കെപ്ലെര്‍ വിശദമായി നിരീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :