പുരുഷന്മാര്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് പഠനം

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 29 ജൂലൈ 2008 (14:15 IST)
ജീവിതത്തില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനും സന്തോഷം നിറയ്ക്കുന്നതിനും പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് പുതിയ സര്‍വേ. സ്വീഡനില്‍ അടുത്തിടെ നടന്ന സര്‍വേ പ്രകാരം സംഘര്‍ഷം നിറഞ്ഞ ജീവിതം നയിക്കുന്നവര്‍ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആശങ്ക, വിഷാദം, ഉറക്ക‌മില്ലായ്മ എന്നിവ ഉള്ള പുരുഷന്മാര്‍ ടൈപ്പ് രണ്ട് പ്രമേഹത്തിന് അടിമപ്പെടാനുള്ള സാദ്ധ്യത ഇരട്ടിയാണെന്നാണ് പഠനം പറയുന്നത്. പഠനത്തിന്‍റെ ഭാഗമായി 1938നും 1957 നും ഇടയില്‍ ജനിച്ച 2127 പുരുഷന്മാരെ ആണ് നിരീക്ഷണ വിധേയമാക്കിയത്.

സ്ത്രീകളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും, പുരുഷന്മാരുടേതിന് സമാനമായ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രായം, ശരീര ഭാരം, കുടുംബത്തില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത, പുകവലി, സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം എന്നിവയും കണക്കിലെടുത്താണ് പഠനം നടന്നത്.

സംഘര്‍ഷം, വിഷാദം എന്നിവ ഹൃദ്രോഗത്തിന് കാരണമാകുമെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. സംഘര്‍ഷത്തെയും മറ്റും നേരിടുന്നതില്‍ സ്ത്രീകള്‍ക്കും പുരുഷ്ന്മാര്‍ക്കും വ്യത്യസ്ത തന്ത്രങ്ങള്‍ ഉള്ളത് കൊണ്ടാകണം സ്ത്രീകള്‍ക്ക് അപകട സാദ്ധ്യത ഇല്ലാത്തത് എന്നാണ് നിഗമനം- പഠനം നടത്തിയ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്‍ഡേഴ്സ് എക്ബോം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :