പാക് ക്രിസ്ത്യന്‍ പള്ളിക്കടുത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴുപത്തിയെട്ടായി

പെഷവാര്‍| WEBDUNIA|
PRO
PRO
പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി. കൂടാതെ നൂറ്റിമുപ്പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ പെഷവാറിലെ ഖൈബര്‍ പഖ്തുന്‍ഖാവയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപമായിരുന്നു സ്ഫോടനം. കാറിലെത്തിയ രണ്ട് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്.

തെഹ്രി കെ താലിബാന്റെ ഒരു വിഭാഗമായ ജന്‍ദുല്ല ഗ്രൂപ്പ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പൈലറ്റില്ലാ വിമാനത്തില്‍ നിന്നുള്ള അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരമായാണ് ചാവേര്‍ ആക്രമണം. അമേരിക്ക ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ മുസ്ലിങ്ങളല്ലാത്തവരെ ഉപദ്രവിക്കുമെന്ന് ജന്‍ദുല്ല ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് കൊഹാതി ഗേറ്റ് ജില്ലയിലെ പള്ളിയില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്ന വിശ്വാസികളാണ് മരിച്ചവരിലേറെയും. മരിച്ചവരില്‍ മുപ്പത് സ്ത്രീകളും ഉള്‍പ്പെടുന്നു. സ്‌ഫോടനത്തില്‍ ക്രിസ്ത്യന്‍ പള്ളിയും സമീപത്തെ നിരവധി കെട്ടിടങ്ങളും തകര്‍ന്നു.

പെഷവാറിലെ തിരക്കേറിയ പ്രദേശത്താണ് ക്രിസ്ത്യന്‍ പള്ളി സ്ഥിതിചെയ്യുന്നത്. സ്‌ഫോടന സമയത്ത് അറുന്നൂറോളം ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. പള്ളിയുടെ സമീപത്ത് താമസിക്കുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണ്.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ച് നിരപരാധികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് എല്ലാ മതതത്വങ്ങള്‍ക്കും എതിരാണെന്നും ഈ ആക്രമണം തീവ്രവാദികളുടെ നിഷ്ടൂരവും ക്രൂരവുമായ മാനസികാവസ്ഥ കാണിക്കുന്നതാണെന്നും സംഭവത്തില്‍ അഗാധമായ ദുഖമുണ്ടെന്നും പറഞ്ഞു.

രാജ്യത്തെ ക്രൈസ്തവരും ആക്രമണത്തെ അപലപിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായ ക്രൈസ്തവര്‍ റോഡുകള്‍ ഉപരോധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :