പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 24-ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്വറ്റയില്‍നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്സ്പ്രസില്‍ സിബി സ്റ്റേഷനില്‍ വെച്ചാണ് സ്ഫോടനം ഉണ്ടായത്.
ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ക്ക് തീപിടിക്കുകയായിരുന്നു. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ 14 മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഗുരുതരമായി പൊള്ളലേറ്റ 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
ബലൂച് വിഭജന പോരാളികളാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതോളം ബലൂച് വിമത പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായുള്ള ആക്രമമാണ് ഇതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.