ജമാഅത്തെ ആസ്ഥാനം പിടിച്ചെടുത്തു

ഇസ്ലമാബാദ്| WEBDUNIA|
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരെന്ന് ആരോപിക്കപ്പെടുന്ന ലഷ്കര്‍ ഇ തോയ്‌ബയുടെ മുന്‍‌നിര സംഘടനയായ ജമാഅത്ത്‌ ഉദ്ദവയുടെ ലാഹോറിലെ ആസ്ഥാനം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ലാഹോര്‍ നഗരത്തിന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള മുരിഡ്കെയിലാണ് ഈ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭരണാധികാരിയായ ഖാകാന്‍ ബാബറാണ് ജമാഅത്ത്‌ ഉദ്ദവയുടെ ആസ്ഥാനം സീലുവച്ചത്. ഓഫീസ് സീലുവെച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങള്‍ നേരിടാന്‍ മുരിഡ്കെയില്‍ കനത്ത സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ബാബറായിരിക്കും തുടര്‍ന്നിങ്ങോട്ട്‌ ജമാഅത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ നടപടികള്‍ നിരീക്ഷിക്കുകയെന്ന്‌ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. സ്കൂള്‍, കോളജ്‌, ആശുപത്രി എന്നിവ അടങ്ങുന്നതാണ്‌ മര്‍ഖാസ്‌ ഇ തൊയ്ബ കെട്ടിട സമുച്ചയം.

വന്‍ രാഷ്ട്രങ്ങളുടെ ഭീഷണിക്ക് മുമ്പില്‍ പാകിസ്ഥാന്‍ തോറ്റുകൊടുക്കുകയാണെന്ന് ഇതിനിടെ തീവ്ര മത സംഘടനകള്‍ വിമര്‍ശിക്കുന്നു. അതിന്റെ ഭാഗമാണ് ജമാഅത്ത്‌ ഉദ്ദവയുടെ ലാഹോറിലെ ആസ്ഥാനം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അവര്‍ ആരോപിക്കുന്നു.

ലഷ്കറിന്റെ മുന്‍നിര സംഘടനയായ ജമാഅത്ത്‌ ഉദ്ദവയെ ഇന്ത്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭ നിരോധിച്ചിരുന്നു. അന്താരാഷ്ട്രസമൂഹവും പാകിസ്ഥാന് താക്കീത് നല്‍‌കിക്കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് രാജ്യത്തിനുള്ളിലുള്ള ഭീകരരെ എന്തുവിലകൊടുത്തും നേരിടാനൊരുങ്ങുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :