കെയ്‌റോ|
Last Modified ബുധന്‍, 14 ജനുവരി 2015 (18:05 IST)
പാരിസില്‍ ആക്ഷേപഹാസ്യവാരികയായ ചാര്‍ലി ഹെബ്‌ദോയുടെ ഓഫിസില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ - ഖ്വയ്‌ദ ഏറ്റെടുത്തു. അല്‍ - ഖ്വയ്ദയുടെ യമന്‍ യൂണിറ്റ് ആണ് കുറ്റം ഏറ്റെടുത്തത്. അല്‍ -ഖ്വയ്ദയുടെ അറേബ്യയിലെ കമാന്‍ഡര്‍മാരില്‍ ഒരാളായ നാസര്‍ അല്‍ -അന്‍സിയുടേതായി പോസ്റ്റ് ചെയ്ത ഇന്റര്‍നെറ്റ് വീഡിയോയിലൂടെയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിലൂടെ ഇസ്‌ലാമിനെ അധിക്ഷേപിക്കുകയാണ് ചാര്‍ലി ഹെബ്‌ദോ ചെയ്തത്. സാത്താന്റെ പക്ഷത്ത് നില്‍ക്കുന്ന ഫ്രാന്‍സില്‍ കൂടുതല്‍ ആക്രമണങ്ങളും ദുരന്തങ്ങളും ഉണ്ടാകുമെന്ന മുന്നറിയിപ്പും 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.
അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് തീവ്രവാദ ആക്രമണത്തിന് ഇരയായ ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ചാര്‍ലി ഹെബ്‌ദോയുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിരുന്നു. മുപ്പതുലക്ഷം കോപ്പികളാണ് 25 രാജ്യങ്ങളിലായി പുറത്തിറക്കുന്നത്. തീവ്രവാദികള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാനാണ് ചാര്‍ളി ഹെബ്‌ദോയുടെ തീരുമാനം.
പ്രവാചക കാര്‍ട്ടൂണ്‍ കവര്‍ ചിത്രമായി ‘അതിജീവിച്ചവരുടെ ലക്കം’ എന്ന പേരിലാണ് പ്രത്യേകപതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടില്‍ ‘ഞാന്‍ ചാര്‍ളി‘ എന്ന ബോര്‍ഡു പിടിച്ച് കൊല്ലപ്പെട്ടവരെ ഓര്‍ത്ത് നബി കരയുന്ന ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്. പതിനാറ് ഭാഷകളിലായിട്ടാണ് മുപ്പതുലക്ഷം കോപ്പികള്‍ പുറത്ത് ഇറങ്ങിയത്. ജനുവരി ഏഴിന് മാഗസിനിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 12 പേരാണ് വെടിയേറ്റ് മരിച്ചത്.