കെയ്‌റോ|
Harikrishnan|
Last Modified വെള്ളി, 2 മെയ് 2014 (09:16 IST)
യേശു ചുരുണ്ട തലമുടിയുള്ള യുവാവായിരുന്നുവെന്ന് ഗവേഷകര്‍. ഈജിപ്ഷ്യന്‍ ശവക്കല്ലറയില്‍നിന്നും യേശു ക്രിസ്തുവിന്റേതെന്ന് കരുതുന്ന അതിപുരാതന ചിത്രം കണ്ടെത്തി. നിലവിലെ യേശുവിന്റെ രൂപവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ചിത്രം.
ചുരുണ്ട മുടിയുള്ള യുവാവിന്റേതാണ് ചിത്രം. നീളം കുറഞ്ഞ കുപ്പായം ധരിച്ചിരിക്കുന്ന യുവാവ് വലത് കൈ ഉയര്‍ത്തി അനുഗ്രഹം നല്‍കുന്നതായാണ് ചിത്രത്തിലുള്ളത്. കെയ്‌റോ നഗരത്തില്‍നിന്നും 100 മൈല്‍ അകലെ ഓക്‌സിറിന്‍കസ് എന്ന ഈജിപ്ഷ്യന്‍ നഗരത്തിലെ ഭൂഗര്‍ഭ ശവക്കല്ലറയില്‍ നിന്നുമാണ് യേശുവിന്റേതെന്ന് കരുതുന്ന ചിത്രം കണ്ടെത്തിയത്.
യുവ എഴുത്തുകാരനെയും പുരോഹിതന്‍മാരെയും അടക്കം ചെയ്തിരുന്ന ശവക്കല്ലറയില്‍ ബാഴ്‌സലോണയില്‍ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് പഠനം നടത്തിയത്. കണ്ടെത്തിയതില്‍ വെച്ച് യേശുവിന്റെ ഏറ്റവും പഴക്കമേറിയ ചിത്രങ്ങളിലൊന്നാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. ആദ്യകാല ക്രിസ്ത്യാനികളുടെ നിര്‍മ്മിതകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന് ചുറ്റുമുള്ള ശിലാലിഖിതം പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.