മിസ്റ്റര്‍ ബീന്‍ കോമഡി സീരിയലിലൂടെ ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയ റൊവാന്‍ അറ്റ്കിന്‍സന്‍ ആശുപത്രിയില്‍. റൊവാന്‍ ഓടിച്ച മക് ലാരന്‍ എഫ്1 സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ കേംബ്രിഡ്ജ്‌ഷെയറില്‍ മരത്തിലിടിക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ നിരവധി തവണ മലക്കം മറിഞ്ഞു മരത്തില്‍ ഇടിച്ചു.
പരിക്കേറ്റെങ്കിലും റൊവാന്‍ കത്തിക്കൊണ്ടിരുന്ന കാറിനുള്ളില്‍ നിന്ന് പുറത്തുവരികയും ആംബുലന്‍സ് വരുന്നതുവരെ ശാന്തനായി കാത്തുനില്‍ക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പതിനെട്ട് കോടി രൂപ വില മതിക്കുന്ന കാറിലാണ് റോവാന്‍ യാത്ര ചെയ്തിരുന്നത്. മിസ്റ്റര്‍ ബീന്‍ എന്ന സിനിമയുടെ വിജയത്തെ തുടര്‍ന്നാണ് റോവാന്‍ ഈ കാര്‍ സ്വന്തമാക്കിയത്.
അഗ്നിശമനസേന എത്തിയാണ് കത്തിക്കൊണ്ടിരുന്ന കാറിലെ തീ അണച്ചത്. കാറിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് റോവാന്‍ രക്ഷപ്പെട്ടത് എന്നാണ് തോന്നുന്നതെന്ന് അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
തോളിനു പരുക്കേറ്റ റൊവാനെ പീറ്റേഴ്സ്‌ബര്‍ഗ് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ലെന്നു റൊവാന്റെ വക്താവ് അറിയിച്ചു. രണ്ടാം തവണയാണു സ്പോര്‍ട്സ് കാര്‍ അപകടത്തില്‍ പെടുന്നത്. റോവാന്‍ സഞ്ചരിച്ചിരുന്ന കാര്‍ 1999-ല്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. അമ്പത്താറ് വയസുള്ള റോവാന് ലോകമെമ്പാടും വന്‍ ആരാധകവൃന്ദമാണുള്ളത്.