ഈജിപ്തില്‍ മാധ്യമങ്ങള്‍ക്ക് നേരെയുള്ള പട്ടാള ഭരണകൂട നീക്കത്തിനെതിരെ അന്താരാഷ്ട കോടതിയെ സമീപിക്കുമെന്ന് വാര്‍ത്താ ചാനല്‍ അല്‍ ജസീറ. മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഈജിപ്റ്റ് ഭരണകൂടം തുടരുന്നത്. ഈജിപ്റ്റിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യരാഷ്ട്രസഭ സംരക്ഷണം നല്‍കണമെന്നും അല്‍ ജസീറ വക്താവ് ആവശ്യപ്പെട്ടു.
ജൂലൈയില്‍ മുഹമ്മദ് മൂര്‍സിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരെ സൈന്യം കൊലപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ചാനല്‍ ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തു. ഉപകരണങ്ങള്‍ കണ്ടുകെട്ടി. റിപ്പോര്‍ട്ടര്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കി.
ഉപകരണങ്ങളുടെ സഹായത്താല്‍ സൈന്യം വാര്‍ത്താ സംപ്രഷണം തടസപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും 2006ലെ യു.എന്‍ രക്ഷാസമിതി പ്രമേയവും അടിസ്ഥാനമാക്കി ഈജിപ്റ്റില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും അല്‍ ജസീറ വ്യക്തമാക്കി.