പിണറായിക്ക് കടുത്ത അമര്‍ഷം; ‘സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചകള്‍പോലും വാര്‍ത്തയാകുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പാര്‍ട്ടി കമ്മിറ്റിയിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതില്‍ സംസ്ഥാന സ്രെക്രട്ടറി പിണറായി വിജയന് കടുത്ത അമര്‍ഷം. ഇതെ തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് പിണറായി വിജയന്‍ താക്കീത് നല്‍കി. സംസ്ഥാന കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതായിരുന്നു പിണറായിയുടെ ക്ഷോഭത്തിന്റെ കാരണം. ഏരിയാ കമ്മിറ്റികള്‍ വരെയുളള പാര്‍ട്ടി ഘടകങ്ങളുടെ സംഘടനാ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ടുളള റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ഉപരോധ സമരത്തെപ്പറ്റിയുളള ചര്‍ച്ച ഇന്ന് നടക്കും.

കമ്മിറ്റിയുടെ ആദ്യദിനം ഉപരോധ സമരത്തിന്റെ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ ആര്‍എസ്പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഢന്റെ പേര് പരാമാര്‍ശിക്കവേ, പിണറായി ചിരിച്ചത് ഒരു ചാനലിലും ദിനപത്രത്തിലും വാര്‍ത്തയായിരുന്നു. ഇത്തരം ചെറിയ കാര്യങ്ങള്‍പോലും വാര്‍ത്തയാകുന്നതാണ് പിണറായിയെ ചൊടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍ പോലും ഒരുകാര്യവും ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത അവസ്ഥയാണെന്നും എന്തു ചെയ്താലും അതൊക്കെ വാര്‍ത്തയാകുന്ന സ്ഥിതിയാണെന്നും പിണറായി കുറ്റപ്പെടുത്തി. കമ്മിറ്റിയില്‍ തന്നെ ചോര്‍ത്തുന്നവരുണ്ടെന്നല്ലേ ഇതിലൂടെ മനസിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ രണ്ടാം ദിവസത്തെ നടപടികള്‍ ആരംഭിച്ചപ്പോഴായിരുന്നു മാധ്യമങ്ങളിലെ പാര്‍ട്ടിവാര്‍ത്ത സംബന്ധിച്ച് പിണറായി വിജയന്‍ അസന്തുഷ്ടി പ്രകടിപ്പിച്ചത്. ഏരിയാ കമ്മിറ്റികളുടെ സംഘടനാ പ്രവര്‍ത്തനം അവലോകനം ചെയ്തുകൊണ്ടുളള റിപ്പോര്‍ട്ടിന്റെ അവതരണമായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ രണ്ടാം ദിവസത്തെ പ്രധാന നടപടി.

മൊത്തം ഏരിയാ കമ്മിറ്റികളെയും വിലയിരുത്തുന്ന ഭീമന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ ഏഴോ എട്ടോ പേര്‍ ചേര്‍ന്നാണ് വായിച്ചുതീര്‍ത്തത്. നേതാക്കള്‍ സ്വഭാവശുദ്ധിയിലടക്കം കര്‍ശന ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ ചിലയിടത്തൊക്കെ വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ റിപ്പോര്‍ട്ടിനെപ്പറ്റിയും ഉപരോധ സമരത്തെക്കുറിച്ചുമുളള ചര്‍ച്ചയാണ് കമ്മിറ്റിയുടെ മൂന്നാം ദിവസത്തെ പ്രധാന അജണ്ട. ഈ നടപടികള്‍ പൂര്‍ത്തികരിച്ച് വൈകുന്നേരത്തോടെ യോഗം സമാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :