ഈജിപ്തില്‍ സംഘര്‍ഷം ശക്തം; മുസ്ലീംബ്രദര്‍ഹുഡ് അനുകൂലികളായ 36 തടവുകാര്‍ കൊല്ലപ്പെട്ടു

കെയ്‌റോ| WEBDUNIA|
PRO
PRO
ഈജിപ്തില്‍ സംഘര്‍ഷം ശക്തമായി. മുസ്ലീംബ്രദര്‍ഹുഡ് അനുകൂലികളായ 36 തടവുകാര്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമരം അടിച്ചമര്‍ത്തുമെന്ന് ഈജിപ്ഷ്യന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി.

കെയ്‌റോയ്ക്ക് അടുത്തുള്ള അബു സാബല്‍ ജയിലിലേക്ക് തടവുകാരെ കൊണ്ടുപോകുന്ന വഴിക്കാണ് സംഘര്‍ഷം നടന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ ബന്ദിയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് 36 തടവുകാര്‍ കൊല്ലപ്പെട്ടത്. കണ്ണീര്‍വാതകം ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന കെയ്‌റോവിലെ അല്‍ ഫത്തേ പള്ളി സൈന്യം ഒഴിപ്പിച്ചിരുന്നു. സൈന്യത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് മുര്‍സി അനുകൂലികളോട് ആഹ്വാനം ചെയ്തു.

അക്രമപരമ്പരകള്‍ തുടര്‍ന്നാല്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് ഈജിപ്ഷ്യന്‍ സൈനിക മേധാവി അബ്ദേല്‍ ഫത്താഹ് എല്‍സിസി ഇന്നലെ വ്യക്തമാക്കി. ഈജിപ്തിലെ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം ഈജിപ്തിലെ നിലവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :