സിറിയയിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം അപലപിച്ച് തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് എര്ദോഗന് രംഗത്ത്. ഇസ്രായേല്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിറിയയില്‍ കൂട്ടക്കൊല മറച്ചുവക്കാന്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന് സഹായകരമായിരിക്കുകയാണ് ഇസ്രയേല്‍ ആക്രമണമെന്നും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു. സിറിയയ്ക്കെതിരെ രണ്ട് തവണയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഇതേസമയം സിറിയിയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച വിമത ഗ്രൂപ്പും സൈനികരും തമ്മിലുള്ള ഉണ്ടായ ഏറ്റുമുട്ടലില്‍ 62പേര് കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വക്താക്കള്‍ അറിയിച്ചു. ഞായറാഴ്ച്ച ബാഷര്‍ അല്‍ അസദിനെതിരെ രൂക്ഷ വിമര്‍ശനവുമായി റജബ് തയ്യിബ് എര്ദോഗന് രംഗത്തെത്തിയിരുന്നു. ബാഷര്‍ അല്‍ അസദിനെ കശാപ്പുകാരന് എന്ന് വരെ തുര്‍ക്കി പ്രധാനമന്ത്രി വിളിച്ചു. സിറിയന്‍ വിമതരെ പിന്തുണക്കുന്ന തുര്‍ക്കി സിറിയന്‍ സര്‍ക്കാരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്. സിറിയയില്‍ നിന്നുള്ള നാല് ലക്ഷത്തോളം പേര് തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്.