അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി

കാബൂള്‍ | WEBDUNIA| Last Modified വ്യാഴം, 20 ജൂണ്‍ 2013 (11:28 IST)
WD
WD
യുഎസ് സര്‍ക്കാറുമായുള്ള സുരക്ഷാചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി പ്രഖ്യാപിച്ചു. താലിബാനുമായുള്ള ബന്ധത്തില്‍ യുഎസ് സര്‍ക്കാര്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയാണ് അദ്ദേഹം ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.

ഖത്തറിലെ ദോഹയില്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ യുഎസ് തീരുമാനിച്ചിരുന്നു. ദോഹയില്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കുമെന്ന് കഴിഞ്ഞദിവസം കര്‍സായിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദോഹയില്‍ തുറന്ന ഓഫീസിന് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‍ എന്ന പേര് താലിബാന്‍ നല്‍കിയതാണ് കര്‍സായിയെ പ്രകോപിപ്പിച്ചത്. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ നിലനിന്ന താലിബാന്‍ സര്‍ക്കാറിന്റെ പേരാണ് ദോഹയിലെ ഓഫിസിന്റേത്.

താലിബാനുമായി യുഎസ് ഭരണകൂടം നേരിട്ട് ചര്‍ച്ച നടത്തുന്നതിന് നേരത്തേ തന്നെ കര്‍സായിക്ക് എതിര്‍പ്പുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സര്‍ക്കാറിനെയും ഭരണഘടനയെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മാത്രമേ താലിബാനുമായി ചര്‍ച്ച നടത്താവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യങ്ങളെയെല്ലാം എതിര്‍ത്താണ് താലിബാനുമായി യുഎസ് ചര്‍ച്ച നടത്താന്‍ പോകുന്നത്.

2014-ല്‍ നാറ്റോ സൈന്യത്തെ പിന്‍വലിക്കുന്നതിന് ശേഷമുള്ള സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നിര്‍ത്തിവെച്ചത്. യുഎസ്-താലിബാന്‍ ചര്‍ച്ച വ്യാഴാഴ്ചയാരംഭിക്കുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :