അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ‘ഇന്ത്യന്‍’ തരംഗം
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
PRO
ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ‘ഇന്ത്യന്‍’ തരംഗം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്ത് ഇന്ത്യക്കാരാണ് തയാറെടുക്കുന്നത്. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ ഏഴാം പ്രതിനിധിസഭ ജില്ലയില്‍ നിന്ന് മൂന്നു തവണ ജനപ്രതിനിധി സഭയില്‍ എത്തിയ ആമി ബെറയാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നവരില്‍ ഇന്ത്യന്‍ വംശജരില്‍ പ്രമുഖന്‍. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കമല ഹാരീസും വ്യക്തമാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയ ഗവര്‍ണര്‍ പദവിക്കായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നീല്‍ കഷ്‌കരി രംഗത്തിറങ്ങും. വിജയിച്ചാല്‍ ബോബി ജിന്‍ഡാലിനും (ലൂസിയാന) നിക്കി ഹാലി (സൗത്ത് കരോലിന)ക്കും ശേഷം ഗവര്‍ണര്‍ പദവിയിലെത്തുന്ന ഇന്ത്യക്കാരനായിരിക്കും നീല്‍.
പ്രസിഡന്റ് ഒബാമയുടെ മുന്‍ കൊമോഴ്‌സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയും രണ്ടാം തെരഞ്ഞെടുപ്പില്‍ പ്രചാരണ സംഘത്തിലെ അംഗവും ഫണ്ട് സമാഹരണ അംഗവുമായിരുന്ന റോ ഖന്നയാണ് മറ്റൊരു ഇന്ത്യക്കാരന്‍. കാലിഫോര്‍ണിയയിലെ 17ാം കോണ്‍ഗ്രഷ്ണല്‍ ജില്ലയില്‍ നിന്നാണ് ഖന്ന മത്സരിക്കുക. സ്വന്തം പാര്‍ട്ടിയിലെ തന്നെ മൈക് ഹോണ്ടയില്‍ നിന്ന് ഖന്നയ്ക്ക് ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റൊരു ഇന്ത്യക്കാരി വനില മാഥൂര്‍ സിംഗും സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. ആസ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം അസോസിയറ്റ് പ്രൊഫസറാണ് വനില സിംഗ്. സിംഗിന് സീറ്റ് ലഭിച്ചാല്‍ ആദ്യമായി രണ്ട് ഇന്ത്യക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമായിരിക്കും ഇവിടെ നടക്കുക.
ന്യൂജഴ്‌സി സ്‌റ്റേറ്റ് അസംബ്ലി അംഗമായ ഉപേന്ദ്ര ചിവുക്കുളയാണ് മറ്റൊരു മത്സരാര്‍ഥി. ന്യൂജഴ്‌സിയിലെ 12ാം കോണ്‍ഗ്രഷ്ണല്‍ ജില്ലയില്‍ നിന്നും ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കാനാണ് ചിവുക്കുളയുടെ നീക്കം. ഇറാഖ് യുദ്ധ വീരനായ മനാന്‍ ത്രിവേദിയാണ് ജനപ്രതിനിധിസഭയിലേക്കുള്ള മറ്റൊരു മത്സരാര്‍ഥി. പെനിസുല്‍വാനിയയിലെ ആറാം കോണ്‍ഗ്രഷ്ണല്‍ ജില്ലയില്‍ നിന്നാണ് ത്രിവേദി മത്സരിക്കാനൊരുങ്ങുന്നത്.
2012ലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന പോള്‍ റയാനെ വിസ്‌കോന്‍സിന്‍ ജില്ലയില്‍ നിന്ന് നേരിടാനൊരുങ്ങുന്നതും ഇന്ത്യക്കാരനാണ്. അമര്‍ദീപ് കലേകയാണ് റയാനെ നേരിടുക. വിസ്‌കോസിന്‍ സിഖ്‌ക്ഷേത്രത്തിന്റെ പ്രസിഡന്റായിരുന്ന സത്‌വന്ത് കലേകയുടെ മകനാണ് അമര്‍ദീപ്. 2012ല്‍ ഗുരുദ്വാരയില്‍ ഒരു അമേരിക്കകാരന്‍ നടത്തിയ വെടിവയ്പില്‍ സത്‌വന്ത് കൊല്ലപ്പെട്ടിരുന്നു.
2002ലെ തെരഞ്ഞെടുപ്പില്‍ അയോവയില്‍ നിന്ന് വിജയിച്ച സ്വാതി ദന്തേകര്‍ വീണ്ടും മത്സരത്തിനൊരുങ്ങുകയാണ്. ഇല്ലിനോയിലെ എട്ടാം കോണ്‍ഗ്രഷ്ണല്‍ ജില്ലയില്‍ നിന്നും റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ മത്സരിക്കുന്ന മഞ്ജു ഗോയല്‍ ആണ് മറ്റൊരു ഇന്ത്യന്‍ വംശജന്‍